ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക
വാഷിങ്ടൺ: ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇസ്രായേലിനെതിരായ മിസൈൽ, ഡ്രോൺ ആക്രമണത്തിന് മറുപടിയായിട്ടാണ് പുതിയ തീരുമാനം.
ഇറാൻ സൈനിക വിഭാഗമായ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ഇറാൻ പ്രതിരോധ മന്ത്രാലയം, മിസൈൽ, ഡ്രോൺ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ എന്നിവയുടെ നേതാക്കളെ ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണത്തിന് ശേഷം ജി7 നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കാൻ കൂട്ടായി പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും ഇറാന്റെ അസ്ഥിരപ്പെടുത്തുന്ന സൈനിക നടപടികളെ നിയന്ത്രിക്കാൻ അധിക ഉപരോധങ്ങളും നടപടികളും സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു.
അതേസമയം, ഇറാനെതിരായ ആക്രമണത്തിൽ ഇസ്രായേലിന് ഇതുവരെ തീരുമാനമെടുക്കാനായിട്ടില്ല. ആക്രമണത്തിന്റെ സ്വഭാവം ഏത് രീതിയിലാകണമെന്നതിൽ യുദ്ധകാല കാബിനറ്റിൽ തീരുമാനമായില്ല. മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനോട് അമേരിക്കയും ബ്രിട്ടനും ജർമനിയും ആവശ്യപ്പെട്ടു.