ഒമാനിലെ മഴക്കെടുതിയിൽ മരണസംഖ്യ 21 ആയി
മസ്‌കത്ത് : ഒമാനിലെ തുടർച്ചയായ മഴക്കെടുതിയിൽ മരണസംഖ്യ 21 ആയി ഉയർന്നു. മഹൂത്തിൽ കാണാതായ സ്വദേശി വനിതയുടെയും സഹമിൽ കാണാതായ പ്രവാസിയുടെയും മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെത്തി. സഹമിൽ നിന്ന് ബുധനാഴ്ച വൈകീട്ട് പ്രവാസി ബാലികയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിനിടെ, മഴയിൽ മതിലിടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി സുനിൽ കുമാർ സദാനന്ദന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.
നാല് ദിവസത്തോളം നീണ്ടുനിന്ന മഴ ഇപ്പോൾ രാജ്യത്തെങ്ങും ശമിച്ചിരിക്കുന്നു. ചില സ്ഥലങ്ങളിൽ നേരിയ മഴ പെയ്തിറങ്ങിയെങ്കിലും മിക്ക സ്ഥലങ്ങളിലും വെളിച്ചമുള്ള കാലാവസ്ഥയാണ് നിലനിൽക്കുന്നത്. റോഡുകളിലും മറ്റും ഉണ്ടായ തടസ്സങ്ങൾ നീക്കുന്നതിനും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.