‘നാക്കില്‍ കെട്ട് കണ്ടതുകൊണ്ടാണ് ഓപ്പറേറ്റ് ചെയ്തത്’; ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന ന്യായീകരണവുമായി കെജിഎംസിടിഎ

0

കോഴിക്കോട്: നാല് വയസുകാരിക്ക്  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവ് സംഭവിച്ചെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍. ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ നാക്കിന് അടിയിലായുള്ള കെട്ട് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നുവെന്നാണ് ന്യായീകരണം.

ഈ ചെറിയ വൈകല്യം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പ്രത്യക്ഷത്തില്‍ കുട്ടിക്ക് പ്രശ്നങ്ങള്‍ ഇല്ലെങ്കിലും ഭാവിയില്‍ സംസാര വൈകല്യം ഉണ്ടാകാന്‍ ഇടയുള്ളതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് കെജിഎംസിടിഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

നാക്കിന് കെട്ട് ഇല്ലാത്ത കുട്ടികളില്‍ ഈ ശസ്ത്രക്രിയ സാധ്യമല്ല എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം വിരലിന്റെ ഓപ്പറേഷനും ഉടനെ ചെയ്യണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനാലാണ് ചെയ്തത്. നാക്കിന്റെ താഴെ പാട പോലെ കാണുന്നതാണ് നാക്കിലെ കെട്ട്. ഇതാണ് ശസ്ത്രക്രിയയിലൂടെ ചെയ്ത് മാറ്റിയത്. ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസിലാക്കിയിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. അന്വേഷണം നടത്താതെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത നടപടി നിര്‍ഭാഗ്യകരമാണ്. പ്രതികൂലമായ സാഹചര്യങ്ങളിലും മികച്ച സേവനം നല്‍കുന്ന ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്നതാകരുത് ഇത്തരം നടപടികള്‍.

രോഗികള്‍ക്ക് താങ്ങാവുന്ന മെഡിക്കല്‍ കോളേജിന്റെ സത്പേരിന് കളങ്കമുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് കെജിഎംസിടിഎ അഭ്യര്‍ത്ഥിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

You might also like