ക്രൈസ്തവർക്ക് നേരെ ആക്രമണം: എട്ടുപേർ ആശുപത്രിയിൽ
ഛത്തീസ്ഗഡ്: ഉത്തരേന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിൽ ആരാധന നടത്തുകയായിരുന്ന ക്രൈസ്തവർക്ക് നേരെ തീവ്ര ഹിന്ദുത്വവാദികൾ നടത്തിയ ആക്രമണത്തിൽ എട്ടു പേർക്ക് ഗുരുതര പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ദന്തേവാഡ ജില്ലയിൽ മതപരിവർത്തനം ആരോപിച്ചു കൊണ്ടാണ് നൂറ്റിഅന്‍പതോളം ക്രൈസ്തവർ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വീട്ടിലേക്ക് കോടാലി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഹിന്ദുത്വ തീവ്രവാദികൾ എത്തിയത്. പെന്തക്കോസ്തു സമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ചു അറിഞ്ഞുവെന്നും പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലായെന്നും ജഗദൽപൂർ ബിഷപ്പും മലയാളിയുമായ ജോസഫ് കൊല്ലംപറമ്പിൽ യുസിഎ ന്യൂസിനോട് പറഞ്ഞു. ഹൈന്ദവരും ക്രൈസ്തവരും പരസ്പര ബഹുമാനം നിലനിർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
എഴുപതോളം ക്രൈസ്തവ വിഭാഗങ്ങൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ തന്നെ എല്ലാ വിഭാഗങ്ങളുടെയും മേൽ തങ്ങൾക്ക് അധികാരമില്ലെന്നും മെത്രാൻ ചൂണ്ടിക്കാട്ടി. അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്നൊരു സംഘടനയുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ ഇവിടെ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അൻഡോ ഗുഡി എന്ന നേതാവിന്റെ നേതൃത്വത്തിൽ മുപ്പതോളം പേരാണ് ക്രൈസ്തവരെ ആക്രമിച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവർ ഒരു ബൈക്കും, നിരവധി സൈക്കിളുകളും കത്തിച്ചു. മതത്തിൻറെ അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കാനുള്ള ശ്രമം ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്നുണ്ടെന്നും, ഇത് മേഖലയിലെ ആദ്യത്തെ സംഭവമല്ലെന്നും ഒരു വിശ്വാസി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയോട് പറഞ്ഞു.
എഫ്ഐആർ പോലും തയ്യാറാക്കാൻ താൽപര്യം കാണിക്കാത്തതിനാൽ പോലീസും, രാഷ്ട്രീയനേതൃത്വവും ക്രൈസ്തവർക്ക് സഹായകരമാകുന്ന ഒന്നും ചെയ്യുന്നില്ലായെന്നും ക്രൈസ്തവർ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അക്രമത്തിൽ പരിക്കേറ്റ പാസ്റ്റർ സാംസൺ ഭാഗേൽ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത് പല തീവ്ര ഹൈന്ദവ സംഘടനകളും പതിവാക്കിയിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നിരവധി ഹൈന്ദവരെ ഇവർ തിരികെ നിർബന്ധിച്ച് മതം മാറ്റാനും ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 95 ശതമാനം ഹൈന്ദവര്‍ തിങ്ങി പാര്‍ക്കുന്ന ചത്തീസ്ഗഡിലെ ക്രൈസ്തവ ജനസംഖ്യ 0.7 ശതമാനം മാത്രമാണ്.