വീണ്ടും പ്രകോപനവുമായി ചൈന; സിക്കിം അതിര്‍ത്തിയില്‍ പോര്‍ വിമാനങ്ങള്‍ വിന്യസിച്ചു

0

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെ ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും ചൈന. സിക്കിം അതിര്‍ത്തിക്ക് 150 കിലോമീറ്റര്‍ അകലെ പോര്‍ വിമാനങ്ങള്‍ വിന്യസിച്ചാണ് ചൈനയുടെ പുതിയ നടപടി. മെയ് 27 ലെ ഉപഗ്രഹ ചിത്രത്തിലാണ് ചൈന സിക്കിം അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ അത്യാധുനിക ജെ-20 ജെറ്റുകള്‍ അടക്കമുള്ളവ വിന്യസിച്ചിരിക്കുന്ന കാര്യം വ്യക്തമായത്.

ചൈനീസ് വ്യോമസേനയുടെ ആറ് ജെ-20 ജെറ്റുകളാണ് ടിബറ്റിലെ ഷിഗേറ്റ്സെയിലെ സൈനിക, സിവിലിയന്‍ വിമാനത്താവളത്തില്‍ വിന്യസിച്ചിരിക്കുന്നത്. വിഷയത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും ഈ അവസരത്തില്‍ പ്രതികരണം നടത്താനില്ലെന്ന് ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങള്‍ പ്രതികരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയുടെ ശേഖരത്തിലുള്ള ഏറ്റവും ആധുനിക പോര്‍ വിമാനമാണ് സിക്കിം അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ജെ-20 ഫൈറ്റര്‍ ജെറ്റുകള്‍. ചൈനയുടെ കിഴക്കന്‍ പ്രവിശ്യകളിലാണ് സാധാരണയായി ഈ പോര്‍ വിമാനങ്ങള്‍ സൂക്ഷിക്കാറുള്ളത്. നിലവില്‍ സമുദ്ര നിരപ്പില്‍ നിന്ന് 12,000 അടിയില്‍ അധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലാണ് പോര്‍ വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.

ഇന്ത്യയുടെ റഫാല്‍ പോര്‍ വിമാനങ്ങള്‍ ചൈനയുടെ ജെ-20 പോര്‍ വിമാനങ്ങളുടെ ബദലാണ്. നിലവില്‍ എട്ട് റഫാല്‍ വിമാനങ്ങള്‍ അമേരിക്കന്‍ വ്യോമസേനയ്ക്കൊപ്പം സംയുക്ത സൈനികാഭ്യാസം നടത്തുന്നതിന്റെ ഭാഗമായി യുഎസിലാണ്.

ജെ- 20 യുദ്ധവിമാനത്തിന്റെ പ്രവര്‍ത്തനത്തോടെ, സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന ഉയര്‍ന്നിരുന്നു. സെന്‍സറുകളുടെ ഒരു നിര ഘടിപ്പിച്ച ഈ ജെറ്റ് നിരന്തരം ആധുനികവല്‍കരിക്കുന്നുണ്ട് ചൈന. ഒരു എയര്‍ സുപ്പീരിയോറിറ്റി ഫൈറ്റര്‍ എന്ന നിലയിലാണ് പ്രധാനമായും ജെ-20 ഉപയോഗിക്കുന്നത്. ചൈനയുടെ ഏറ്റവും നൂതനമായ എയര്‍-ടു-എയര്‍ മിസൈലുകളും ജെ-20 ആണ് വഹിക്കുന്നത്. 300 കിലോമീറ്റര്‍ അകലെയുള്ള വ്യോമ ലക്ഷ്യങ്ങളെ വരെ ആക്രമിക്കാനുള്ള കഴിവ് ഇവയ്ക്ക് ഉണ്ടെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്

You might also like