ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് മരിച്ചവരിൽ ഒരു മലയാളികൂടി.

0

ബെംഗളൂരു : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് മരിച്ചവരിൽ ഒരു മലയാളികൂടി. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി വി.കെ. സിന്ധുവാണ് (45) മരിച്ചത്. ഡെല്ലിൽ സോഫ്റ്റ്‌വേർ എൻജിനിയറായ സിന്ധു ബെംഗളൂരു കൊത്തന്നൂരിലായിരുന്നു താമസം. ഇതോടെ ട്രക്കിങ്ങിനിടെ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആശാ സുധാകറാണ് (ആർ.എം. ആശാവതി-71) മരിച്ച മറ്റൊരു മലയാളി. കർണാടക മൗണ്ടനീറിങ് അസോസിയേഷനിൽ അംഗങ്ങളാണ് ഇരുവരും.

ട്രക്കിങ്ങിനുപോയ 22 അംഗ സംഘത്തിൽ ഒൻപതുപേരാണ് മരിച്ചത്. എല്ലാവരും ബെംഗളൂരുവിൽ താമസിക്കുന്നവരാണ്. സംഘത്തിലുണ്ടായിരുന്ന ആശയുടെ ഭർത്താവ് എസ്. സുധാകർ, മലയാളിയായ ഷീന ലക്ഷ്മി എന്നിവരുൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽനിന്ന് 18 പേരും ഒരു മഹാരാഷ്ട്ര സ്വദേശിനിയും മൂന്ന് പ്രദേശിക ഗൈഡുമാരുമുൾപ്പെട്ട സംഘമാണ് ഉത്തരകാശിയിൽ ട്രക്കിങ്ങിനുപോയത്. മേയ് 29-നാണ് സംഘം പത്തുദിവസത്തെ ട്രക്കിങ്ങിന് പുറപ്പെട്ടത്. 4400 മീറ്റർ ഉയരത്തിലുള്ള സഹസ്ത്ര തടാകപരിസരത്തേക്കായിരുന്നു ട്രക്കിങ്. തിങ്കളാഴ്ച തിരിച്ചിറങ്ങി വരുന്നതിനിടെ കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റുമുണ്ടാവുകയായിരുന്നു.
മൃതദേഹങ്ങൾ എംബാംചെയ്തശേഷം ഡൽഹിയിലെത്തിച്ച് ഇവിെടനിന്ന് വെള്ളിയാഴ്ച വിമാനത്തിൽ ബെംഗളൂരുവിലെത്തിച്ചേക്കും. കർണാടക റവന്യൂമന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉത്തരാഖണ്ഡിൽ എത്തിയിട്ടുണ്ട്. രക്ഷപ്പെട്ട 13 പേരെ വ്യാഴാഴ്ച രാത്രിയോടെ ബെംഗളൂരുവിലെത്തിച്ചു. വിനോദ് കെ. നായരാണ് സിന്ധുവിന്റെ ഭർത്താവ്. മക്കൾ: നീൽ, നേഷ്.

ബെംഗളൂരുവിൽ നിന്ന് ഉത്തരാഖണ്ഡിൽ പോയ ട്രക്കിങ് സംഘത്തിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നഗരം. രണ്ട് മലയാളികളുൾപ്പെടെ ഒൻപത് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ (കെ.എം.എ.) നേതൃത്വത്തിൽ 19 അംഗങ്ങളും മൂന്ന് ഗൈഡുമാരുമാണ് ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിന്റെ പരിസരപ്രദേശങ്ങളിലേക്ക് ട്രക്കിങ്ങിന് പോയത്.

മുൻപ് ഒട്ടേറെ മലമടക്കുകളും ദുർഘട പാതകളും കീഴടക്കിയിട്ടുള്ള അനുഭവസമ്പന്നരായ ആളുകളായിരുന്നു പലരും. മേയ് 29-നാണ് സംഘം ട്രക്കിങ് ആരംഭിച്ചത്. 30 വയസു മുതൽ 71 വയസ്സു വരെയുള്ളവർസംഘത്തിലുണ്ടായിരുന്നു. ജൂൺ മൂന്നിന് വൈകീട്ട് സഹസ്ത്ര തടാകത്തിലെത്തി ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
You might also like