അരവിന്ദിന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതു ജീവന്‍ നല്‍കി

0

തിരുവനന്തപുരം : അപകടത്തെ തുടര്‍ന്ന് മസ്തിഷക മരണം സംഭവിച്ച അരവിന്ദിന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതു ജീവന്‍ നല്‍കി. കന്യാകുമാരി, അഗസ്തീശ്വരം സ്വദേശിയായ 25 വയസ്സുകാരന്‍്റെ ഹൃദയം കായംകുളം സ്വദേശിയായ 18 വയസ്സുകാരനില്‍ വച്ചു പിടിപ്പിക്കും. അരവിന്ദിന്റെ ഹൃദയവും, കരളും, വൃക്കകളുമാണ് നാലു പേര്‍ക്കായി ദാനം ചെയ്തത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിലാണ് അരവിന്ദിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. അരവിന്ദിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിലും കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലും വൃക്കകള്‍ കിംസ് ആശുപതിയിലെ രോഗികള്‍ക്കുമാണ് ദാനം ചെയ്തത്.

യുവാവിന്റെ ബന്ധുക്കളാണ് അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചത്. മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസിനോട് ഇവര്‍ ഇത് നേരിട്ട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നോബിള്‍, മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയായ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ്, കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പൊക്യുര്‍മെന്റ് മാനേജര്‍ ഡോ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി അവയവങ്ങള്‍ പുറത്തെടുത്തത്. ഇതോടെ മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്ന 319 ാമത്തെ അവയവദാനവും വിജയകരമായി.

ഈ വര്‍ഷത്തെ രണ്ടാമത്തെ അവയവദാനമായിരുന്നു ഇത്. നടപടികള്‍ക്ക് ശേഷം അരവിന്ദിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റ് 12/219 എ-യില്‍ ആദിലിംഗം -സുശീല ദമ്ബതികളുടെ മകനാണ് അരവിന്ദ്.

You might also like