തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസുകള്‍ തമിഴ്‌നാട് എംവിഡി തടഞ്ഞു

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസുകള്‍ തമിഴ്‌നാട് എംവിഡി തടഞ്ഞു. അര്‍ധരാത്രി മലയാളികള്‍ അടക്കമുള്ള യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ടു എന്നാണ് ആരോപണം. വണ്‍ ഇന്ത്യ ടാക്‌സിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് എംവിഡിയുടെ നടപടി.

നാഗര്‍കോവില്‍ ഭാഗത്തുവച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെയാണ് റോഡില്‍ ഇറക്കിവിട്ടത്. വേറെ ഏതെങ്കിലും ബസില്‍ യാത്ര തുടരണമെന്നും എംവിഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ആദ്യമായിട്ടല്ല തമിഴ്‌നാടിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ബസുകള്‍ തടഞ്ഞ് വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കമുള്ളവരെ നടുറോഡില്‍ ഇറക്കിവിട്ടത്. വണ്‍ ഇന്ത്യ ടാക്സ് പ്രകാരം അന്തര്‍ സംസ്ഥാന ബസുടമകള്‍ നികുതി അടച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോര എന്നാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതാണ് ബസുടമകളെ കുഴപ്പിക്കുന്നത്.

You might also like