പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

0

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്യും. വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ.

പ്രോ ടേം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് ആണ് എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ബിജെപി എംപി ഭര്‍തൃഹരി രാവിലെ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന് മുന്നില്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. 280 എംപിമാര്‍ ഇന്നും ബാക്കിയുള്ള 263 എംപിമാര്‍ നാളെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക.

കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് ഇന്ത്യ സഖ്യം വിട്ടു നില്‍ക്കുമെന്നാണ് സൂചന.

You might also like