മാന്നാറിലെ കലയുടെ കൊലപാതകക്കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് പൊലീസ്.
മാന്നാറിലെ കലയുടെ കൊലപാതകക്കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതികൾ പിടിയിലായെന്നറിഞ്ഞ് ഒന്നാം പ്രതി അനിലിനു രക്തസമ്മർദം കൂടിയെന്നും മൂക്കിൽനിന്നു രക്തം വന്നെന്നും വിവരം.
ബന്ധുക്കളായ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കുമെന്നും ബന്ധുക്കളിൽനിന്ന് അനിൽ അറിഞ്ഞിരുന്നു. തുടർന്നാണു രക്തസമ്മർദം കൂടിയതെന്നാണു വിവരം. ഇക്കാര്യം ഇസ്രയേലിൽ അനിൽ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാരാണു ബന്ധുക്കളെ അറിയിച്ചതെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു.
കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കു. അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കല കൊല്ലപ്പെടുന്നത് 2009 ലാണെന്ന് പറയുമ്പോഴും കൃത്യം നടന്ന സ്ഥലമോ തിയ്യതിയോ പൊലീസിന്റെ പക്കൽ ഇല്ല.
കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നില്ല. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസ പരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. രാസ പരിശോധന ഫലം മറിച്ചായാൽ പൊലീസിന് തിരിച്ചടിയാകും. കലയുടെ മൃതദേഹം കൊണ്ടുവന്ന കാറുൾപ്പടെ പല തെളിവുകളും ഇനിയും കണ്ടെത്തേണ്ടതുണ്ട്.