രണ്ടാമതും ഡെങ്കിപ്പനി വന്നാൽ സങ്കീർണമാകും, അതീവ ജാഗ്രത : മന്ത്രി വീണാ ജോർജ്
ഡെങ്കിപ്പനി മുൻപ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേർക്ക് തീവ്രതയാകാൻ സാധ്യതയുണ്ട്. അതിനാല്‍ പലർക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവർക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.