ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴ മുന്നറിയിപ്പ്

0

സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളുടെ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ അറബിക്കടലില്‍ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത്‌ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കാണ് സാധ്യതയെന്നും ഒറ്റപ്പെട്ട ജില്ലകളില്‍ അതിശക്ത മഴ ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്നു രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരളാ തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് 120.6 മില്ലിമീറ്റര്‍ മുതല്‍ 204.6 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത തോന്നുന്ന ഏതു ഘട്ടത്തിലും സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

You might also like