ഗാസയിൽ ഇസ്രേലി സേന ആക്രമണം തുടരുന്നു
കയ്റോ: ഗാസയിൽ ഇസ്രേലി സേന ആക്രമണം തുടരുന്നു. ഇന്നലെ പുലർച്ചെ സെൻട്രൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ആറു കട്ടികളും മൂന്നു സ്ത്രീകളും അടക്കം 20 പേർ കൊല്ലപ്പെട്ടു. നുസെയ്റത്ത് അഭയാർഥി ക്യാന്പിലെ മൂന്നു വീടുകളും ദെയ്ർ അൽ ബലായിലെ മറ്റു വീടുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദെയ്ർ അൽ ബലായിൽ ഇസ്രേലി സേനതന്നെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ആക്രമണത്തിനിരയായത്.
ഇതിനിടെ, കഴിഞ്ഞ ദിവസം തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ സ്കൂളിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ മരണം 31 ആയി ഉയർന്നു. ഇതിൽ എട്ടു കുട്ടികളും ഉൾപ്പെടുന്നു. അന്‍പതിലധികം പേർക്കു പരിക്കേറ്റു. സ്കൂൾമുറ്റത്ത് കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ ആക്രമണം നടക്കുന്നതിന്റെ ദൃശ്യങ്ങൾ അൽ ജസീറ ചാനൽ പുറത്തുവിട്ടു. ഒക്ടോബർ ഏഴിനു ഭീകരാക്രമണം നടത്തിയ ഹമാസ് തീവ്രവാദിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അതിൽ സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്നും ഇസ്രേലി സേന വിശദീകരിച്ചു. തീവ്രവാദികൾ ജനസാന്ദ്രതയേറിയ സ്ഥലങ്ങളെ പോരാട്ടവേദികളാക്കുന്നതാണ് സിവിലിയൻ മരണങ്ങൾക്കു കാരണമെന്നും ഇസ്രേലി സേന പറഞ്ഞു.