തലസ്ഥാനത്ത് കോളറ രോ​ഗികളുടെ എണ്ണത്തിൽ വർധനവ്.

0

തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ രോ​ഗികളുടെ എണ്ണത്തിൽ വർധനവ്. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലുള്ള എട്ടുപേരാണ് കോളറയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. 21 പേരാണ് ഇതുവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ആരോ​ഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാ​ഗവും പരിശോധനകൾ നടത്തിയെങ്കിലും ഇതുവരെയും ഉറവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ കാരണമെന്ന നി​ഗമനത്തിലാണ് ആരോ​ഗ്യവകുപ്പ്. ഇയാളുടെ ശ്രവ സാമ്പിൾ പരിശോധിക്കാൻ ആരോ​ഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല. പത്തു വയസ്സുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചത്.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുകയാണെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഡെങ്കിപ്പനിയും വ്യാപകമായി പടർന്നുപിടിക്കുകയാണ്. ഇന്നലെ മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു.

സംസ്ഥാനത്ത് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2 പേർ മരണപ്പെട്ടു. കഴിഞ്ഞ ദിവസം 37 പേർക്ക് എച്ച്1എൻ1 രോഗബാധയും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജനങ്ങൾ അതീവ ജാഗ്രത സ്വീകരിക്കണമെന്നാണ് നിർദ്ദേശം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും നിർദ്ദേശമുണ്ട്.

 

You might also like