സ്നേഹത്തിൽ മറ്റുള്ളവർക്ക് ഇടം നൽകുന്നതാണ് യഥാർത്ഥ ക്രൈസ്തവ ജീവിതം : പാപ്പാ
സ്നേഹത്തോടെ അപരനെ ശുശ്രൂഷിച്ച് അവർക്ക് ഇടം നൽകുന്നതാണ് യഥാർത്ഥ ക്രൈസ്തവ ജീവിതമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധ റൊസാലിയായുടെ തിരുശരീരം കണ്ടെടുത്തതിന്റെ നാനൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇറ്റലിയിലെ, പലേർമോ ആർച്ചുബിഷപ്പ് മോൺസിഞ്ഞോർ കൊറാദോ ലോറെഫീച്ചേയെ അഭിസംബോധന ചെയ്തുകൊണ്ട് മാർപാപ്പാ സന്ദേശo അയച്ചു.
ഇന്നത്തെ ലോകത്തിൽ വിശുദ്ധ നൽകുന്ന നല്ല മാതൃകകൾ എടുത്തു പറഞ്ഞുകൊണ്ടും, ക്രൈസ്തവരെന്ന നിലയിൽ അതിനെ പിൻചെല്ലേണ്ടതിന്റെ ആവശ്യകതകൾ ചൂണ്ടിക്കാണിച്ചു കൊണ്ടും, പലേർമോ ആർച്ചുബിഷപ്പ് മോൺസിഞ്ഞോർ കൊറാദോ ലോറെഫീച്ചേയെ അഭിസംബോധന ചെയ്തുകൊണ്ട്, വിശ്വാസികൾക്കായി ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. സ്ത്രീത്വത്തിന്റെ അനശ്വരമായ നന്മയും, അപ്പസ്തോലിക ധീരതയും കൈമുതലാക്കിയ സ്ത്രീയെന്നാണ് പാപ്പാ തന്റെ സന്ദേശത്തിന്റെ ആമുഖത്തിൽ വിശുദ്ധയെ വിശേഷിപ്പിച്ചത്.
‘എന്റെ കർത്താവിന്റെ സ്നേഹത്താൽ’, എന്ന ആദർശവാക്യം എപ്പോഴും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വ്യക്തി എന്ന നിലയിൽ, ലോകത്തിന്റെ സമ്പന്നത ഉപേക്ഷിച്ചുകൊണ്ട് തന്റെ ജീവിതം പൂർണ്ണമായി സമർപ്പിക്കുവാനുള്ള വിശുദ്ധയുടെ ധീരത പാപ്പാ അനുസ്മരിച്ചു. അതിനാൽ ക്രൈസ്തവന്റെ ജീവിതം അടയാളപ്പെടുത്തുന്നത്, കുരിശിനാൽ മാത്രമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.