പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി സിബിസിഐ നേതൃത്വം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രതിനിധികൾ. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. തങ്ങളുടെ ആശങ്കകൾ അറിയിച്ച സിബിസിഐ സംഘം വ്യത്യസ്ത മന്ത്രാലയങ്ങളിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടണമെന്നും സി.ബി.സി.ഐ പ്രസിഡന്റ് ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെയും ആരാധനാലയങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നതിൽ സിബിസിഐ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയുടെ വികസനത്തിൽ പങ്കാളികളായവരാണ് ക്രൈസ്തവ സമൂഹമെന്നും വിദ്യാഭ്യാസം, സാമൂഹ്യ പുരോഗതി തുടങ്ങിയ നിരവധി മേഖലകളിൽ നിസ്തുലമായ പങ്ക് വഹിച്ചതും കത്തിൽ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് പുറമെ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബി ഷപ്പുമായ ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ എന്നിവരും സിബിസിഐ സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണ് ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ പങ്കെടുക്കാനാകാതെ പോയതെന്ന് സിബിസിഐ വ്യക്തമാക്കി