റഷ്യയിലെ എയർപോർട്ടിൽ കുടുങ്ങിയ യാത്രക്കാർക്കായി മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസ്.

0

മുംബൈ: റഷ്യയിലെ ക്രാസ്നോയാർസ്ക് ഇന്റർനാഷണൽ എയർപോർട്ടിൽ കുടുങ്ങിയ യാത്രക്കാർക്കായി മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസ്. ദില്ലിയില്‍ നിന്ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ റഷ്യയില്‍ കുടുങ്ങിയിരുന്നു. എയർ ഇന്ത്യയുടെ എഐ 183-ാം നമ്പർ വിമാനമാണ് വഴിതിരിച്ചുവിട്ടത്. സാ​ങ്കേതിക തകരാർ മൂലമാണ് നടപടിയെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. 225 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം റഷ്യയിലെ ക്രാസ്നോയാർസ്ക് ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തിയെന്ന് കമ്പനി അറിയിച്ചിരുന്നു. കാർ​ഗോ ഏരിയയിൽ പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നാണ് ലാൻഡിങ് നടത്തിയത്. ഇതേ തുടര്‍ന്നാണ് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12.52ന് ആശ്വാസ വിമാനം പുറപ്പെട്ടത്. ഈ വിമാനം വൈകിട്ട് ഏഴു മണിക്ക് റഷ്യയിലെ ക്രാസ്നോയാർസ്ക് വിമാനത്താവളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയര്‍ലൈന്‍ അധികൃതര്‍ പിടിഐയോട് വെളിപ്പെടുത്തി.

You might also like