എത്യോപ്യയിൽ ഉരുൾപൊട്ടലിന്റെ ഇരകളായവർക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ
തെക്കൻ എത്യോപ്യയിലെ സോഡോ പ്രദേശത്ത് ജൂലൈ 22 തിങ്കളാഴ്ച ഉണ്ടായ ഉരുൾപൊട്ടലിന്റെ ഇരകളായവർക്ക് പ്രാർത്ഥനകൾ വാഗ്ദാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ഒരു ഗ്രാമത്തെ മുഴുവൻ തകർത്ത് കൊണ്ടുപോയ ഈ ദുരന്തത്തിൽ ദുഃഖിതരായിരിക്കുന്ന എത്യോപ്യൻ ജനതയ്ക്കും, സ്ഥലത്ത് അപകടങ്ങളിൽപ്പെട്ടവർക്ക് സഹായസഹകരണങ്ങൾ എത്തിക്കുന്നവർക്കും തന്റെ സാമീപ്യം ഉറപ്പുനൽകുന്നുവെന്ന് പാപ്പാ പറഞ്ഞു. ജൂലൈ 28 ഞായറാഴ്ച ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ചതിന് പിന്നാലെയാണ് പാപ്പാ എത്യോപ്യയിൽ നടന്ന ഈ വൻ പ്രകൃതിദുരന്തത്തിൽപ്പെട്ടവരെ പ്രത്യേകം അനുസ്മരിച്ചത്.
ലോകത്ത് അനേകമാളുകൾ ദുരന്തങ്ങളും പട്ടിണിയും മൂലം ദുരിതമനുഭവിക്കുമ്പോഴും, ആയുധനിർമ്മാണവും വിൽപ്പനയും നടത്തുകയും, പ്രകൃതിയിലെ വിഭവങ്ങൾ നശിപ്പിച്ചുകൊണ്ട് ചെറുതും വലുതുമായ യുദ്ധങ്ങൾ നടത്തുകയും ചെയ്യുന്നതിനെ ഇതിനോടനുബന്ധിച്ച് പാപ്പാ കുറ്റപ്പെടുത്തിയിരുന്നു. അന്താരാഷ്ട്രസമൂഹം ഇത്തരമൊരു കുത്സിതപ്രവൃത്തിയെ അംഗീകരിക്കരുതെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.