എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റില്‍.
തിരുവനന്തപുരം: എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ഡോ. ദീപ്തിയെ ആണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുദിവസം മുമ്പാണ് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജിലെ വള്ളക്കടവ് പങ്കജ് എന്ന വീട്ടില്‍ ഷിനിയെന്ന യുവതിയെ ദീപ്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. കൊറിയര്‍ നല്‍കാനുണ്ട് എന്ന വ്യാജേനെ എത്തിയാണ് ഷിനിയെ ആക്രമിച്ചത്.
കൊറിയർ കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെടുകയും ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോൾ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ് ഷിനി.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ദീപ്തി ഉപയോഗിച്ചത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറായിരുന്നു. ആര്യനാട് സ്വദേശിനി ആഴ്ചകള്‍ക്ക് മുന്‍പ് വില്‍പ്പന നടത്തിയ മറ്റൊരു കാറിന്റെ നമ്പറാണ് വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്. കൃത്യത്തിന് ശേഷം ഈഞ്ചയ്ക്കല്‍ വഴി ബൈപ്പാസിലെത്തി അവിടെനിന്ന് കഴക്കൂട്ടം ഭാഗത്തേക്കാണ് കാര്‍ പോയതെന്നും വ്യക്തമായി. ആറ്റിങ്ങല്‍ ഭാഗത്തുനിന്നാണ് ഈ കാര്‍ തിരുവനന്തപുരം നഗരത്തിലേക്ക് വന്നതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയിരുന്നു.
അറസ്റ്റ് ചെയ്ത ദീപ്തിയെ പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. എന്തിനാണെ ഇത്തരത്തിലൊരു പ്രവർത്തി ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിവായിട്ടില്ല.