സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ‘ആംനസ്റ്റി പദ്ധതി 2024’ ഇന്നു പ്രാബല്യത്തിലാകും.
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ‘ആംനസ്റ്റി പദ്ധതി 2024’ ഇന്നു പ്രാബല്യത്തിലാകും. ഇതിന്റെ ഭാഗമായി വകുപ്പ് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഉദ്ഘാടന ചടങ്ങ് വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. എന്നാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി ഓഗസ്റ്റ് ഒന്നിനുതന്നെ പ്രാബല്യത്തിൽ വരുമെന്നും ജിഎസ്ടി കമ്മീഷണർ അറിയിച്ചു.
ജിഎസ്ടി നിലവിൽവരുന്നതിന് മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾ തീർപ്പാക്കുന്നതിനായി 2024ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി പദ്ധതി 2024.
കേരള മൂല്യ വർധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശികകൾ തീർപ്പാക്കുന്നതിനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്.
എന്നാൽ, പൊതു വില്പന നികുതി നിയമത്തിലെ മദ്യവില്പനയുമായി ബന്ധപ്പെട്ട നികുതി, വിറ്റുവരവ് നികുതി, കോന്പൗണ്ടിംഗ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യമുണ്ടാകില്ല.