വാഷിംഗ്‌ടണ്‍: വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്. സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ പാളിയ അപ്‌ഡേറ്റിന് പിന്നാലെയുള്ള ആഗോള ഐടി പ്രതിസന്ധിക്ക് ശേഷമാണ് മറ്റൊരു പ്രശ്നം കൂടിയുണ്ടായിരിക്കുന്നത്. പുതിയ പ്രശ്നം ജൂലൈ 30ന് മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉള്‍പ്പടെയുള്ളവ പ്രവർത്തനരഹിതമായതാണ്. അസ്യൂറിന്‍റെ സേവനങ്ങളില്‍ തടസം നേരിട്ടത് ഡിസ്‌ട്രിബ്യൂട്ടഡ് ഡിനയില്‍-ഓഫ്-സര്‍വീസ്-അറ്റാക്ക് (DDoS) വിഭാഗത്തിലുള്ള സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് എന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. നിരവധി ഉപയോക്താക്കൾ ചൊവ്വാഴ്ച പ്രധാന മൈക്രോസോഫ്റ്റ് ഉൽപന്നങ്ങളായ ഓഫീസ്, ഔട്ട്‌ലുക്ക്, അസ്യൂര്‍ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയുന്നില്ലായെന്ന് പരാതിപ്പെട്ടിട്ടുണ്ടായിരുന്നു. ഈ പ്രതിസന്ധി നീണ്ടുനിന്നത് ഏകദേശം 10 മണിക്കൂറോളമാണ്.