ദുരന്തമുഖത്ത് ഒന്‍പതാം നാള്‍; വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ ഇന്നും പരിശോധന

0

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ദുരന്തത്തിന്റെ ഒന്‍പതാം ദിവസമായ ഇന്ന് വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സണ്‍റൈസ് വാലിയില്‍ ഇന്നും പ്രത്യേക സംഘം പരിശോധന നടത്തും.

ചാലിയാറിലെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയില്‍ തിരച്ചിലിനുള്ള ദൗത്യ സംഘത്തെ ഹെലികോപ്റ്ററിലാണ് എത്തിച്ചത്. ആറ് കരസേനാംഗങ്ങളും പൊലീസ് സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ നാല് പേരും രണ്ട് വനം വകുപ്പ് വാച്ചര്‍മാരും അടങ്ങിയ സംഘത്തെയാണ് രണ്ട് തവണയായി ഹെലികോപ്റ്ററിലെത്തിച്ച് വടത്തിന്റെയും ബാസ്‌കറ്റിന്റെയും സഹായത്തോടെ ഇറക്കിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഇറങ്ങിയ പ്രത്യേക സംഘം കഴിഞ്ഞ ദിവസം നാല് കിലോമീറ്റര്‍ ദൂരം വരെ പരിശോധന നടത്തിയിരുന്നു. ഇന്ന് അത് ആറ് കിലോമീറ്റര്‍ വരെ നടത്തുമെന്നാണ് വിവരം.

ദുരന്തത്തില്‍ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224 ലെത്തി.181 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 154 പേരെ കാണാതായി. 88 പേര്‍ ആശുപത്രികളിലാണ്. ചൂരല്‍മല ഭാഗത്ത് ഒന്‍പത് ക്യാമ്പുകളിലായി 1381 പേരാണ് ഇപ്പോള്‍ ഉള്ളത്. തിരിച്ചറിയാത്ത 218 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. പുത്തുമലയിലെ ശ്മശാന ഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച് സ്ഥിരം ശ്മശാന ഭൂമിയാക്കും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു

You might also like