
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനമുണ്ടായ സമേജ് ഗ്രാമത്തിൽ ശക്തമായ മഴ തുടരുന്നു
ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനമുണ്ടായ സമേജ് ഗ്രാമത്തിൽ ശക്തമായ മഴ തുടരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ സംസ്ഥാനത്ത് ഇതുവരെ 14 പേരാണ് മരിച്ചത്.
കുളുവിലെ നിർമാൻന്ത്, സൈൻജ്, മലാന പ്രദേശങ്ങളിലും മണ്ഡിയിലെ പദാറിലും ഷിംലയിലെ രാംപുറിലും മേഘവിസ്ഫോടനത്തെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. കാണാതായ 45 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സ്നൈഫർ നായകൾ, ഡ്രോൺ, മറ്റു ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചിൽ. ആഗസ്റ്റ് പത്ത് വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.