നഴ്സുമാരുടെ ശമ്പളം 20,000 രൂപയില്‍ കുറയരുത്; വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ചു

0

ന്യൂഡല്‍ഹി: നഴ്സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു. ഇക്കാര്യം കേന്ദ്ര ആരോഗ്യസഹ മന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നതിനാണിത്. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന നിര്‍ദേശം.

200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിന് തുല്യമായിരിക്കണം ശമ്പളം. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിനേക്കാള്‍ 10 ശതമാനം വരെ ശമ്പളം കുറയാം. 50-100 കിടക്കകുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ശമ്പളത്തിന്റെ 25 ശതമാനം വരെ കുറയാവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

50 കിടക്കകളില്‍ കുറഞ്ഞാലും സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുത്. അവധികള്‍, ജോലി സമയം, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗതാഗതം, താമസം തുടങ്ങിയവ സര്‍ക്കാര്‍ തലത്തില്‍ അനുവദിച്ചതിന് തുല്യമായിരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം

You might also like