ബംഗ്ലാദേശില്‍ കലാപം ആളിക്കത്തുന്നതിനിടെ പ്രക്ഷോഭകാരികള്‍ ആഡംബര ഹോട്ടല്‍ കത്തിച്ചതിനെ തുടര്‍ന്ന് 24 പേര്‍ വെന്തുമരിച്ചു

0

ധാക്ക: ബംഗ്ലാദേശില്‍ കലാപം ആളിക്കത്തുന്നതിനിടെ പ്രക്ഷോഭകാരികള്‍ ആഡംബര ഹോട്ടല്‍ കത്തിച്ചതിനെ തുടര്‍ന്ന് 24 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു ഇന്തോനേഷ്യന്‍ പൗരനും ഉള്‍പ്പെടുന്നു. ഹോട്ടലില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ച ശേഷവും ബംഗ്ലാദേശില്‍ കലാപങ്ങള്‍ ശമനമില്ലാതെ തുടരുകയാണ്.

ജോഷോര്‍ ജില്ലയിലെ ചക്ലദാറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജില്ലാ സെക്രട്ടറി ഷാഹിന്റെ ഉടമസ്ഥതയിലുള്ള സാബിന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിനാണ് ഒരുകൂട്ടം ആളുകള്‍ തീവച്ചത്. ആദ്യം താഴത്തെ നിലയിലാണ് അക്രമികള്‍ തീയിട്ടത്. തീ പെട്ടെന്ന് മുകളിലേക്ക് വ്യാപിക്കുകയും വന്‍ അപകടം ഉണ്ടാവുകയുമായിരുന്നു. ഹോട്ടലില്‍ റൂമെടുത്തിരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇറങ്ങി ഓടാനുള്ള സമയം പോലും കിട്ടിയില്ല.

നിരവധി അവാമി ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വസതികള്‍ ജനക്കൂട്ടം ആക്രമിക്കുന്നുണ്ട്. നടുക്കുന്ന ആക്രമണങ്ങള്‍ക്കാണ് അവാമി ലീഗിലെ നേതാക്കള്‍  ഇരയാകേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം ഇരുപത്തിയൊന്‍പതോളം നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി കണ്ടുകിട്ടിയിട്ടുണ്ട്

You might also like