വെടിനിർത്തലിനുള്ള അവസാന അവസരം: ആന്റണി ബ്ലിങ്കൻ
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള അവസാന അവസരമാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയയ്ക്കാനുമുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞു. ടെൽ അവീവിൽ ഇസ്രയേൽ പ്രസിഡന്റ് ഇസാക് ഹെർസോഗുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഇത് നിർണായക നിമിഷമാണ്, ബന്ദികളെ വിട്ടയയ്ക്കാനും വെടിനിർത്തൽ പ്രഖ്യാപിക്കാനും സമാധാനവും സുരക്ഷിതത്വവും നിലനിർത്തുന്നതിനുമുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണിത്’’- ബ്ലിങ്കൻ പറഞ്ഞു.
ഗാസ സംഘർഷം ആരംഭിച്ചതിനു ശേഷം ഒൻപതാം തവണയാണ് വെടിനിർത്തൽ കരാർ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മിഡിൽ ഈസ്റ്റിലെത്തുന്നത്. അമേരിക്കയുൾപ്പെടെ മധ്യസ്ഥർ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ബ്ലിങ്കന്റെ സന്ദർശനം.