ഓണത്തിനു നാട്ടിലേക്കുള്ള ബസുകളിലെ ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി

0

ചെന്നൈ: ഓണത്തിനു നാട്ടിലേക്കുള്ള ബസുകളിലെ ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസിയും. എറണാകുളത്തേക്കുള്ള ഗരുഡ ബസിലെ നിരക്ക് 1,151 രൂപയായിരുന്നത് സെപ്റ്റംബർ 11 മുതൽ ഉത്രാടദിനമായ 14 വരെ 600 രൂപയോളം കൂട്ടി. കെഎസ്ആർടിസി നോൺ എസി സൂപ്പർ ഡീലക്സ് സ്പെഷൽ സർവീസിലും നിരക്ക് 300 രൂപ കൂട്ടി. ഓണത്തിന് ഇരട്ടിയിലേറെ രൂപ ഈടാക്കി സ്വകാര്യ ബസുകൾ യാത്രക്കാരെ പിഴിയുന്നതിനിടയിലാണു കെഎസ്ആർടിസിയുടെ ഇരുട്ടടി.

തിരക്കുള്ള ദിവസങ്ങളിൽ നിരക്ക് കൂട്ടുന്ന സ്വകാര്യ ബസുകളുടെ രീതിയാണ് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സർവീസും പിന്തുടരുന്നത്. പ്രവൃത്തിദിവസങ്ങളിൽ 1,151 രൂപയാണ് നിരക്ക്. എന്നാൽ, വെള്ളി, ശനി ദിവസങ്ങളിൽ നിരക്ക് കൂടും. 30 (വെള്ളി), സെപ്റ്റംബർ 6 (വെള്ളി), സെപ്റ്റംബർ 7 (ശനി) തീയതികളിലെ നിരക്ക് 1,740 രൂപയാണ്. ഈ നിരക്ക് തന്നെയാണ് സെപ്റ്റംബർ 11 മുതൽ 14 വരെയുള്ള തീയതികളിലും. യാത്രക്കാരെ ലഭിക്കാൻ സാധ്യതയില്ലാത്ത തിരുവോണ ദിനത്തിൽ നിരക്ക് 1,151 തന്നെയാണ്. 14നുള്ള സർവീസിലെ എല്ലാ ടിക്കറ്റുകളും ഇതിനകം വിറ്റുതീർന്നു. 13നുള്ള സർവീസിൽ 9 ടിക്കറ്റുകളാണു ബാക്കിയുള്ളത്. 11നു 41 ടിക്കറ്റുകൾ ബാക്കിയുണ്ട്.

കിലാമ്പാക്കത്തുനിന്ന് രാത്രി 8.30നു പുറപ്പെടുന്ന എസി സീറ്റർ ഗരുഡ ബസ് പിറ്റേന്നു രാവിലെ 8.55നാണ് എറണാകുളം സൗത്തിലെത്തുക. പാലക്കാട്, തൃശൂർ, ചാലക്കുടി, അങ്കമാലി, വൈറ്റില എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. സെപ്റ്റംബർ 12, 13 തീയതികളിലാണ് എറണാകുളത്തേക്ക് സ്പെഷൽ സർവീസുള്ളത്. നോൺ എസി ‌സീറ്റർ സൂപ്പർ ഡീലക്സ് എയർ ബസിൽ 1,421 രൂപയാണു നിരക്ക്. 13നുള്ള സർവീസിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. 12നു 35 ടിക്കറ്റുകൾ ബാക്കിയുണ്ട്. കിലാമ്പാക്കത്തുനിന്നു വൈകിട്ട് 6.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.25ന് എറണാകുളത്തെത്തും. തിരിച്ചു ചെന്നൈയിലെത്താൻ സ്പെഷൽ സർവീസ് ഏർപ്പെടുത്തിയിട്ടില്ല.

തെക്കൻ കേരളത്തിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽനിന്നു തിരുവനന്തപുരത്തേക്കും കെഎസ്ആർടിസി സ്പെഷൽ സർവീസ് നടത്തും. 12നും 13നും വൈകിട്ട് 7നു കിലാമ്പാക്കത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.05ന് തിരുവനന്തപുരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയുള്ള നോൺ എസി ‌സീറ്റർ സൂപ്പർ ഡീലക്സ് എയർ ബസിൽ 1,541 രൂപയാണ് നിരക്ക്.

You might also like