IPL 2021| ഐപിഎല്‍ കിരീടം ഇത്തവണ പഞ്ചാബ് കിങ്‌സ് നേടും; കന്നി ഐപിഎല്ലില്‍ ആത്മവിശ്വാസത്തോടെ ഡേവിഡ് മലാന്‍

0

ഐപിഎല്‍ പുതിയ സീസണില്‍ പഞ്ചാബ് കിങ്സ് ചാമ്ബ്യന്മാരാകുമെന്ന് ഇംഗ്ലീഷ് താരം ഡേവിഡ് മലാന്‍.ഇത്തവണ ശക്തമായ ടീമിനെയാണ് പഞ്ചാബ് ഒരുക്കിയിരിക്കുന്നതെന്നും കിരീടം നേടാനുള്ള എല്ലാ കരുത്തും ടീമിനുണ്ടെന്നും മലാന്‍ വ്യക്തമാക്കി. നിലവില്‍ ടി-20 ക്രിക്കറ്റിലെ ലോക ഒന്നാം നമ്ബര്‍ ബാറ്റ്സ്മാനായ മലാന്‍ ഈ സീസണിലാണ് പഞ്ചാബിലെത്തിയത്.

ഐപിഎല്ലില്‍ താരത്തിന് ഇത് അരങ്ങേറ്റ സീസണാണ്. 1.5 കോടി രൂപ മുടക്കിയാണ് പഞ്ചാബ് മലാനെ ടീമിലെത്തിച്ചത്.
“ഇത്തവണ പഞ്ചാബ് കിരീടമുയര്‍ത്തുമെന്നാണ് എന്റെ പ്രതീക്ഷ. ടീം ഉറപ്പായും പ്ലേ ഓഫില്‍ പ്രവേശിക്കും. ഫൈനലില്‍ വിജയവും സ്വന്തമാക്കും. ഈ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതെന്റെ ആദ്യ ഐപിഎല്ലാണ്. അതുകൊണ്ടുതന്നെ ടീമിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും”-മലാന്‍ പറഞ്ഞു.

പുതിയ സീസണില്‍ പുതിയ പേരും പുതിയ ജെഴ്സിയുമാണ് പഞ്ചാബ് എത്തുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബ് എന്ന പേര് മാറ്റി പഞ്ചാബ് കിങ്സ് എന്ന പേരിലാണ് ടീം പുതിയ സീസണില്‍ കളിക്കുക. ഒപ്പം പുതിയ ജെഴ്സിയുമുണ്ട്. ചുവപ്പ് നിറത്തില്‍ സ്വര്‍ണവരകളുള്ള ജെഴ്സിയാണ് ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് അണിയുക. ജെഴ്സിയിലെ പ്രാഥമിക കളര്‍ ചുവപ്പ് തന്നെയായിരിക്കും. സ്വര്‍ണ നിറമുള്ള ഹെല്‍മറ്റും പഞ്ചാബ് ടീമിന്റെ പ്രത്യേകതയാണ്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സാണ് പഞ്ചാബിന്റെ ആദ്യ എതിരാളി. ഏപ്രില്‍ 12 ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. ഐപിഎല്ലില്‍ പതിമൂന്ന് സീസണില്‍ കളിച്ചെങ്കിലും ഒരുതവണ പോലും കിരീടം നേടാന്‍ പഞ്ചാബ് കിങ്സിനായിട്ടില്ല. 2014 സീസണിലെ ഫൈനലില്‍ എത്തിയതാണ് ഇതുവരെയുള്ള മികച്ച നേട്ടം. കഴിഞ്ഞ സീസണില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ടീം അവസാനം ക്രിസ് ഗെയ്‌ലിന്‍റെ വരവോടെ ഫോമിലായിരുന്നു. തുടര്‍ വിജയങ്ങളുമായി പ്ലേ ഓഫിന് തൊട്ടടുത്ത് എത്തുകയും ചെയ്തു.അശ്വിനെ മാറ്റി കെ എല്‍ രാഹുലിനെ ടീം കഴിഞ്ഞ തവണ നായകനായി തിരഞ്ഞെടുത്തിരുന്നു. രാഹുലാണ് കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 14 മത്സരങ്ങളില്‍ നിന്നായി രാഹുല്‍ 670 റണ്‍സാണ് അടിച്ചെടുത്തത്.

ഈ സീസണിലെ ലേലത്തില്‍ ഒരു പിടി മികച്ച താരങ്ങളെ സ്വന്തമാക്കിയ പഞ്ചാബ് അടിമുടി പുത്തന്‍ ഉണര്‍വുമായിട്ടാണ് ഒരുങ്ങുന്നത്. പുതിയ പേരും ജെഴ്‌സിയും പഞ്ചാബിന് കിരീടം നേടാനുള്ള ഭാഗ്യം പ്രദാനം ചെയ്യുമോ എന്ന് നമുക്ക് കണ്ടറിയാം.

You might also like