രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും; ജി.എസ്.ടി കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് കാൻസർ മരുന്നുകൾക്കുള്ള ജി.എസ്.ടി നിരക്ക് 12ൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ 54ാമത് ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. ഇതോടെ കാൻസർ മരുന്നുകളുടെ വില കുറയും. ഉപ്പും എരിവും ചേർത്ത ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി 18ൽ നിന്ന് 12 ശതമാനമാക്കാനും തീരുമാനമായി.
അതേസമയം, ആരോഗ്യ ഇൻഷുറൻസ് നിരക്ക് കുറയ്ക്കുന്നത് പഠിക്കാൻ മന്ത്രിമാരുടെ സംഘത്തെ ചുമതലപ്പെടുത്തി. 2026 മാർച്ചിൽ അവസാനിക്കുന്ന കോംപൻസേഷൻ സെസ് വിഷയത്തിൽ എടുക്കേണ്ട തീരുമാനവും മന്ത്രിതലസമിതി പഠിച്ച് റിപ്പോർട്ട് നൽകിയശേഷം തീരുമാനിക്കും.
2,000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളിൽനിന്ന് ഓൺലൈൻ പേയ്‌മെന്റ് സേവനദാതാക്കൾ നേടുന്ന വരുമാനത്തിന് 18% ജി.എസ്.ടി ഈടാക്കണമെന്ന നിർദേശം തൽക്കാലം നടപ്പാക്കില്ല. വിഷയം അടുത്ത കൗൺസിൽ യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു. ഷെയറിങ് അടിസ്ഥാനത്തിൽ തീർഥാടനത്തിനും ടൂറിസത്തിനും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾക്കുള്ള ജി.എസ്.ടി നിലവിലെ 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചു. ചാർട്ടേഡ് ഹെലികോപ്റ്റർ സേവനങ്ങൾക്ക് 18% ജി.എസ്.ടി ഈടാക്കും.
സർവകലാശാലകൾക്ക് ഗവേഷണവികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ഗ്രാന്റിനെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കും. കാറുകളുടെ സീറ്റിനുള്ള ജി.എസ്.ടി 18ൽ നിന്ന് 28 ശതമാനമാക്കിയേക്കും.