ദി പെന്തെക്കൊസ്‌ത് മിഷൻ ആൽപ്പാറ സഭാഹാളിന് നേരെ യുവാവിന്റെ ആക്രമണം

0

തൃശൂർ: ദി പെന്തെക്കൊസ്‌ത് മിഷൻ ആൽപ്പാറ സഭാഹാളിന് നേരെ യുവാവിന്റെ ആക്രമണം. സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു സംഭവം. കാറിലെത്തിയ യുവാവ് ഫെയ്ത്ത് ഹോമിൽ ഉണ്ടായിരുന്ന ഒരു വിശ്വാസി സഹോദരിയെ ആക്രമിക്കാൻ ശ്രമിക്കുകയും അവിടെ ഉണ്ടായിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് സഭാഹാളിൻ്റെ ഷട്ടറിലേക്കും കൺവെൻഷന് ഉപയോഗിക്കുന്ന പൊതു പാചകശാലയുടെ കതകിലേക്കും മുൻവാതിലിലേക്കും കാർ ഇടിച്ചുകയറ്റി. യാതൊരു പ്രകോപനവുമില്ലാതെ പെട്ടെന്നുള്ള യുവാവിൻ്റെ ആക്രമണം സുവിശേഷ വേലക്കാരായ സഹോദരിമാരെയും വിശ്വാസികളെയും കുറച്ച് സമയം ഭീതിയിലാക്കി. വിവരം അറിഞ്ഞ് എത്തിയ വിശ്വാസികൾക്ക് നേരെയും യുവാവ് ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. വിശ്വാസികളും സമീപവാസികളും വിവരമറിയിച്ചതിനെത്തുടർന്ന് പീച്ചി പോലീസ് സ്ഥലത്തെത്തി.
സ്ഥലത്തെത്തിയ പോലീസിനോടും തട്ടിക്കയറിയ യുവാവിനെ പിന്നീട് കൂടുതൽ പോലീസ് എത്തി ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.
മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് ദീർഘകാലമായി ചികിത്സയിലാണെന്നാണ് പോലീസ് പറയുന്നത്.
യുവാവിനെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഭാഹാളിന്റെ ഷട്ടറുകൾക്കും പാചകശാലയുടെ വാതിലിനും കേടുപാടുകളൾ സംഭവിച്ചിട്ടുണ്ട്. സമാധാനപരമായി സുവിശേഷ പ്രവർത്തനം നടത്തി വരുന്ന ആൽപ്പാ റ്റി.പി.എം ആരാധനാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ സഭാ വിശ്വാസികൾക്ക് ചെറിയ തോതിൽ എതിർപ്പ് ഉണ്ടെങ്കിലും, അപ്പൊസ്തലിക ഉപദേശത്തിൽ പ്രവർത്തിക്കുന്ന സഭാനേതൃത്വം കേസിനൊന്നും പോകുവാൻ തയ്യാറല്ല. പകരം ആക്രമണം നടത്തിയ യുവാവിനു വേണ്ടിയും ആൽപ്പാറ സഭയുടെ സുഖമമായ പ്രവർത്തനത്തിന് വേണ്ടിയും ഏവരുടെയും പ്രാർഥന ആവശ്യപ്പെടുന്നു.

You might also like