ഇറാന്റെ മിസൈൽ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകാനൊരുങ്ങി ഇസ്രയേൽ.
ജറൂസലെം: ഇറാന്റെ മിസൈൽ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകാനൊരുങ്ങി ഇസ്രയേൽ. ഇറാന്റെ എണ്ണക്കിണറുകളും ആണവകേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളും ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാനാണ് ഇസ്രേലി സേന തയാറെടുക്കുന്നത്. അമേരിക്കയുടെ സഹായത്തോടെയായിരിക്കും ഇസ്രയേലിന്റെ സൈനികനീക്കം.
ഇന്നലെ പ്രതിരോധമന്ത്രിയുമായും സൈനികതലവന്മാരുമായും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നെതന്യാഹു ഇന്നലെ ടെലിഫോണിൽ ചർച്ച നടത്തി. ഇറാൻ ചെയ്ത വലിയ തെറ്റിനു വില നല്കേണ്ടി വരുമെന്ന് നെതന്യാഹു മുന്നറിയിപ്പു നൽകിയിരുന്നു.
ചൊവ്വാഴ്ചത്തെ മിസൈൽ ആക്രമണത്തിനു തിരിച്ചടി നലൽകാൻ ഇസ്രയേൽ ശ്രമിച്ചാൽ അതിനുള്ള മറുപടി കൂടുതൽ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി ഭീഷണി മുഴക്കി. ഇറേനിയൻ മിസൈൽ ആക്രമണത്തിൽ ചെറിയ തോതിലുള്ള നാശമാണ് ഉണ്ടായതെന്ന് ഇസ്രയേൽ അറിയിച്ചു. വ്യോമതാവളങ്ങൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ വിമാനങ്ങൾക്കോ ഡ്രോണുകൾക്കോ കേടുപാടുണ്ടായില്ലെന്നും രണ്ടു നാട്ടുകാർക്കു പരിക്കേറ്റുവെന്നും ഇസ്രയേൽ അധികൃതർ പറഞ്ഞു.