വത്തിക്കാൻ സമാധാനദൂതനായി കർദിനാൾ സുപ്പി മോസ്കോയിൽ ; റഷ്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി

0

മോസ്കോ : റഷ്യ – ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ദൗത്യത്തിന്റെ ഭാ​ഗമായി ഇറ്റാലിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് തലവന്‍ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി മോസ്കോയിലെത്തി. മോസ്കോയിലെത്തിയ കർദിനാൾ റഷ്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. യുക്രൈയ്നിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് കർദിനാൾ സുപ്പി മോസ്കോയിലെത്തുന്നത്.

’ഉക്രേനിയൻ കുട്ടികളുടെ കുടുംബ പുനരേകീകരണവും തടവുകാരുടെ കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂടുതൽ ശ്രമങ്ങൾ വിലയിരുത്തുക’ എന്ന ലക്ഷ്യത്തോടെയാണ് കർദിനാൾ വീണ്ടും മോസ്കോയിലെത്തിയതെന്ന് വത്തിക്കാൻ പ്രസ്താവനയിലൂടെ അറിയിച്ചു. 2023 മെയ് മാസത്തിൽ റഷ്യയ്ക്കും ഉക്രെയ്നും ഇടയിൽ സമാധാനത്തിന്റെ പാത ആരംഭിക്കുന്നതിന് മാർപാപ്പയുടെ ദൂതനായി പ്രവർത്തിക്കാൻ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ സുപ്പിയോട് ആവശ്യപ്പെട്ടിരുന്നു.

ഒക്‌ടോബർ 11 ന് വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിൽ 35 മിനിറ്റ് സ്വകാര്യസദസിൽ ഫ്രാൻസിസ് മാർപാപ്പ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് കർദിനാളിന്റെ മോസ്‌കോ സന്ദർശനം.

1992-ല്‍ മൊസാംബിക്കിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച ദൗതത്തിന് മധ്യസ്ഥത വഹിച്ച റോം ആസ്ഥാനമായുള്ള കത്തോലിക്ക സന്നദ്ധ സംഘടനയായ സാന്റ് എജിഡിയോ കമ്മ്യൂണിറ്റിയിലെ അംഗമാണ് കര്‍ദിനാള്‍ സുപ്പി. ഈ യുദ്ധത്തില്‍ ഒരു ദശലക്ഷത്തോളം ആളുകളെ കൊല്ലപ്പെടുകയും നാല് ദശലക്ഷത്തോളം ആളുകളെ നാടുകടത്തുകയും ചെയ്തിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മാറ്റിയോ സുപ്പിയെ 2019-ല്‍ കര്‍ദിനാളാക്കി. കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു

You might also like