വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 87 പലസ്തീൻകാർ കൊല്ലപ്പെട്ടു

0

ജറുസലം : വടക്കൻ ഗാസയിൽ ശനിയാഴ്ച രാത്രി ബെയ്ത്ത് ലാഹിയ പട്ടണത്തിൽ വീടുകൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 87 പലസ്തീൻകാർ കൊല്ലപ്പെട്ടു. 40 പേർക്കു പരുക്കേറ്റു. ഒരു മാസത്തിനിടെ ഒറ്റ ദിവസം ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ട ആക്രമണമാണിത്. ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ 3 കമാൻഡർമാരെ കൂടി വധിച്ചെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ബെയ്റൂട്ടിൽ ഹിസ്ബുല്ലയുടെ ഇന്റലിജൻസ് ആസ്ഥാനത്തും ആയുധനിർമാണശാലയിലും ബോംബിട്ടു.

ഒരു വർഷം മുൻപ് ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിക്കുമ്പോൾ ആദ്യം ആക്രമിക്കപ്പെട്ട പ്രദേശമാണു ബെയ്ത്ത് ലാഹിയ. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറെപ്പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. രണ്ടാഴ്ച മുൻപാണു വടക്കൻ ഗാസയിലെ ജബാലിയയിലേക്ക് ഇസ്രയേൽ ടാങ്കുകൾ തിരിച്ചെത്തിയത്. ജബാലിയയ്ക്കു തെക്കാണു ബെയ്ത്ത് ലാഹിയ. ഇസ്രയേൽ സൈന്യം വളഞ്ഞുവച്ചിരിക്കുന്ന വടക്കൻ ഗാസയിൽ 4 ലക്ഷം പലസ്തീൻകാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണു റിപ്പോർട്ട്. 16 ദിവസമായി ഭക്ഷണവും വെള്ളവുമടക്കം ജീവകാരുണ്യസഹായമെത്താത്ത സ്ഥിതിയാണ്. ആക്രമണത്തെ യുഎൻ അപലപിച്ചു. ഖാൻ യൂനിസിൽ ജലവിതരണത്തകരാറു നന്നാക്കാൻ പോയ തങ്ങളുടെ 4 എൻജിനീയർമാർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടനയായ ഓക്സ്ഫാം അറിയിച്ചു.  അതിനിടെ, ഇറാൻ ആക്രമിക്കാനുള്ള ഇസ്രയേൽ സൈനികപദ്ധതി വിലയിരുത്തുന്ന തങ്ങളുടെ രഹസ്യരേഖ ചോർന്ന സംഭവത്തിൽ യുഎസ് അന്വേഷണം ആരംഭിച്ചു.

You might also like