ഭീകരാക്രമണമെന്ന് സംശയം: ഇസ്രയേല്‍ സൈനിക പരിശീലന കേന്ദ്രത്തിന് സമീപം ട്രക്ക് ഇടിച്ചു കയറി 33 പേര്‍ക്ക് പരിക്ക്
ടെല്‍ അവീവ്: മധ്യ ഇസ്രയേലിലെ സൈനിക പരിശീലന കേന്ദ്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 33 പേര്‍ക്ക് പരിക്ക്. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ അറിയിച്ചു.
ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പരിശീലന കേന്ദ്രത്തിന് സമീപമാണ് ദുരൂഹമായ അപകടമുണ്ടായിരിക്കുന്നത്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റെന്നും നിരവധി പേരുടെ നില ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ 24 പേരെ റാബിന്‍ മെഡിക്കല്‍ സെന്ററിലേക്കും മറ്റുള്ളവരെ ടെല്‍ അവീവ് സൗരാസ്‌കി മെഡിക്കല്‍ സെന്റിലേക്കും മാറ്റി. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ബസ് സ്റ്റോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിലെ യാത്രക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ടൂറിസ്റ്റ് സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിയന്ത്രണം വിട്ടെത്തിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വലിയ ശബ്ദം കേട്ട് നോക്കുമ്പോള്‍ ട്രക്കിനടിയില്‍ നിരവധി ആളുകള്‍ കുരുങ്ങി കിടക്കുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ അടക്കമുള്ള ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.