ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് വിട നൽകാനൊരുങ്ങി നാട്
എറണാകുളം: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് വിട നൽകാനൊരുങ്ങി നാട്. ഇന്ന് കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കുന്ന മൃതദേഹം നാളെ പുത്തൻകുരിശെത്തിച്ചാണ് സംസ്കരിക്കുക.
ബാവയുടെ ഭൗതികശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് ശേഷം കോതമംഗലം ചെറിയ പള്ളിയിലാണ് എത്തിക്കുക. തുടർന്ന് അവിടെ പൊതുദർശനത്തിന് വെയ്ക്കും. ഇന്ന് രാവിലെ 8 മണിക്ക് ചെറിയ പള്ളിയിൽ വിശുദ്ധ കുർബാന നടക്കും. 9.30ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിന് ശേഷം 10.30ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കും.
ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിലേക്ക് ഭൗതികശരീരം എത്തിക്കും. തുടർന്ന് 4 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതുദർശനമുണ്ടാകും.
നാളെയാണ് സംസ്കാരം നടക്കുക. ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. ശേഷം 3 മണിയോടെ കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രുഷകൾ ആരംഭിക്കും. ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ പള്ളികളിലും പള്ളിവക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണമാണ് ആചരിക്കുക.