കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി; പിഴ ചുമത്താൻ അബുദാബി
വേഗം കുറഞ്ഞ റോഡിൽ കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ അബുദാബിയിൽ നടപടി ശക്തമാക്കി . നിയമലംഘകർക്ക് 500 ദിർഹം പിഴ ചുമത്തും. ഇതോടൊപ്പം ആറ് ബ്ലാക്ക് പോയിന്‍റും ലഭിക്കും. താമസമേഖലകളിലും സ്കൂൾ ആശുപത്രി പരിസരങ്ങളിലും കാൽനടയാത്രക്കാർക്കാണ് മുഖ്യ പരിഗണന.
വേഗപരിധി മണിക്കൂറിൽ 40 കിലോമീറ്ററിന് താഴെയുള്ള റോഡുകളിലാണ് ഈ നിയമം ബാധകമാവുന്നത്. ഇവരെ പരിഗണിക്കാതെ പോകുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴയും, ഡ്രൈവറുടെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്‍റും ലഭിക്കും. ഇത്തരം റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധമാണ് വാഹനമോടിക്കേണ്ടത്. ഇതിനായി പട്രോളിംഗ് വ്യാപകമാക്കുമെന്നും പൊലീസ് അറിയിച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഗതാഗതസുരക്ഷാ കാമ്പെയിനും അധികൃതർ തുടക്കമിട്ടിട്ടുണ്ട്.