ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർക്ക് ദാരുണാന്ത്യം

0

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. അൽമോറ ജില്ലയിൽ മർച്ചുലയിലാണ് അപകടമുണ്ടായത്. ​ഗർവലിൽ നിന്നും കുമയൂൺ മേഖലയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും 200 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. നിരവധി പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

40 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ രാംന​ഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം വേ​ഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി നിർദേശം നൽകി. ​ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് അടിയന്തരചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ബസ് അപകടം വേദനാജനകമാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് രക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം നൽകും. സംസ്ഥാന ​ദുരന്ത നിവരാണ സേന രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പുഷ്കർ സിം​ഗ് ധാമി എക്സിൽ കുറിച്ചു. അതേസമയം, പ്രദേശത്തെ ആർടിഒ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും പുഷ്കർ സിം​ഗ് ധാമി നിർദേശിച്ചു.
You might also like