48കാരി രക്തം കട്ടപിടിച്ച് മരിച്ചത് വാക്സിന്റെ പാർശ്വഫലമാകാൻ സാധ്യതയെന്ന് അധികൃതർ
ന്യൂ സൗത്ത് വെയിൽസ്: ന്യൂ സൗത്ത് വെയിൽസിൽ ഈ മാസമാദ്യം ആസ്ട്രസെനക്ക വാക്സിനെടുത്തിരുന്ന സ്ത്രീയാണ് രക്തം കട്ടപിടിച്ചതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരിച്ചത്. ഇവർക്ക് പ്രമേഹവുമുണ്ടായിരുന്നു.
വാക്സിനെടുത്തതുമായി രക്തം കട്ടപിടിക്കലിന് ബന്ധമുണ്ടോ എന്നറിയാൻ ആരോഗ്യവകുപ്പ് വിദഗ്ധ പരിശോധനകൾ നടത്തിയിരുന്നു.
ഈ പരിശോധനകളുടെ അടിസ്ഥാനത്തിലാണ്, തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള വാക്സിൻ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് (VSIG) ഇത് വാക്സിന്റെ പാർശ്വഫലമാകാൻ സാധ്യതയുണ്ട് എന്ന് സ്ഥിരീകരിച്ചത്.
VSIG വെള്ളിയാഴ്ച വൈകിട്ട് യോഗം ചേർന്ന് ഈ പരിശോധനാ ഫലങ്ങൾ വിലയിരുത്തി.
അതിനു പിന്നാലെ, TGA വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഈ കണ്ടെത്തൽ പുറത്തുവിട്ടു.
“രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചതും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതും വാക്സിനേഷുമായി ബന്ധപ്പെട്ടാകാൻ സാധ്യതയുണ്ട്” എന്ന് TGAയുടെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ എട്ടിനായിരുന്നു ഇവർക്ക് ആസ്ട്രസെനക്ക വാക്സിനെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ കണ്ടതോടെ നാലു ദിവസത്തിനു ശേഷം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ വച്ചാണ് ഇവർ മരിച്ചത്.
പ്രമേഹമുൾപ്പെടെയുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ, ഇവരുടെ മരണകാരണം പരിശോധിക്കുന്നത് സങ്കീർണ്ണമായിരുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
മാത്രമല്ല, ആസ്ട്രസെനക്കയുമായി ബന്ധപ്പെട്ട ഭൂരിഭാഗം രക്തം കട്ടപിടിക്കൽ കേസുകളിലും കണ്ടെത്തിയ “ആന്റി-PFA ആന്റിബോഡികൾ” ഈ സ്ത്രീയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നും TGA അറിയിച്ചു.
എന്നാൽ, മറ്റു കാരണങ്ങളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത് വാക്സിനേഷന്റെ പാർശ്വഫലമാകാം എന്ന് ഈ ഘട്ടത്തിൽ വിശ്വസിക്കുന്നതെന്ന് TGA ചൂണ്ടിക്കാട്ടി.
ആസ്ട്രസെനക്ക വാക്സിനെടുത്ത ശേഷം ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രക്തം കട്ടപിടിക്കലാണ് ഇത്. ആദ്യമരണവും.
50 വയസിൽ താഴെയുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് മുൻഗണന കൊടുക്കാൻ കഴിഞ്ഞയാഴ്ച ഫെഡറൽ സർക്കാർ തീരുമാനിച്ചിരുന്നു.
ഈ തീരുമാനം വരുന്നതിന് കുറച്ചുനേരം മുമ്പാണ് ഈ 48കാരിക്ക് ആസ്ട്രസെനക്ക വാക്സിൻ ലഭിച്ചത്.
ആസ്ട്രസെനക്ക വാക്സിനുമായി ബന്ധപ്പെട്ട രക്തം കട്ടപിടിക്കൽ അത്യപൂർവമാണെന്ന് TGA വ്യക്തമാക്കിയിരുന്നു.
ഒരു ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം കിട്ടുന്നതിനെക്കാൾ സാധ്യത കുറവാണ് രക്തം കട്ടപിടിക്കാൻ എന്നായിരുന്നു TGA മേധാവി ജോൺ സ്കെറിറ്റ് അഭിപ്രായപ്പെട്ടത്.
മരിച്ച സ്ത്രീയുടെ ലബോറട്ടറി പരിശോധനാ ഫലങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. അടുത്തയാഴ്ച ഇവരുടെ പോസ്റ്റ്മോർട്ടവും നടത്തും.
ഈ പരിശോധനകളിൽ മറ്റെന്തെങ്കിലും മരണകാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ VSIGയുടെ വിലയിരുത്തൽ പുന:പരിശോധിക്കുമെന്നും TGA വ്യക്തമാക്കി.