വീണ്ടും ചോരചിന്തി മണിപ്പൂർ: മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാനില്ല, രണ്ടുദിവസത്തിനിടെ കൊല്ല​പ്പെട്ടത് 13 പേർ

0

ഇംഫാൽ: ഒന്നരവർഷത്തെ വംശീയ സംഘർഷത്തിൽ നിരവധി പേർ ​കൊല്ലപ്പെട്ട മണിപ്പൂരിൽ ഇടവേളക്ക് ശേഷം വീണ്ടും ചോരക്കളി. ഇന്നലെ 11 പേരും ഇന്ന് രണ്ട് പേരും കൊല്ലപ്പെട്ടതിന് പിന്നാലെ, ഒരുവയസ്സുള്ള കുഞ്ഞടക്കം മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായി. കാണാതായവർ മെയ്തേയി വംശജരാണ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഒരേ കുടുംബത്തിൽ നിന്നുള്ള ഒരു മുത്തശ്ശി, രണ്ട് പെൺമക്കൾ, എട്ട്, രണ്ട്, ഒന്ന് വയസ്സുള്ള മൂന്ന് പേരക്കുട്ടികൾ എന്നിവരെയാണ് കാണാതായതെന്ന് പ്രദേശവാസി പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ 11 പേർ കുക്കി വംശജരും രണ്ടുപേർ മെയ്തേയിക്കാരുമാണ്. ഇന്നലെ പൊലീസ് സി.ആർ.പിഎഫ് വെടിവെപ്പിലാണ് കുക്കി വംശജർ കൊല്ലപ്പെട്ടത്. ഇവർ പൊലീസിനെ ആക്രമിച്ചപ്പോൾ പ്രത്യാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇവർ കലാപകാരികളല്ലെന്നും ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകരാണെന്നും കുക്കി ഗോത്രവർഗക്കാരുടെ സംഘടന ചൂണ്ടിക്കാട്ടി. കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

രണ്ട് മെയ്തേയി വിഭാഗക്കാരുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് ജിരിബാം മേഖലയിൽ കണ്ടെത്തിയത്. ലയ്ശ്രാം ബാരൽ സിങ് (63), മെയ്ബാം കെശ്വോ സിങ് (71) എന്നിവരെയാണ് ഇന്ന് വീടുകൾക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരടക്കം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 13 മെയ്തേയിക്കാരെയാണ് ഇന്നലെ ജിരിബാമിൽ നിന്ന് കാണാതായത്. ഇതിൽ അഞ്ചുപേ​രെ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ആറുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണോ അക്രമികളിൽ നിന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഒ​ളി​വി​ൽ ​പോ​യ​താ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല.

You might also like