ചില ഇസ്ലാമിക നേതാക്കൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു: ദുഃഖം പങ്കുവെച്ച് നൈജീരിയന്‍ ക്രൈസ്തവ സംഘടന

0

അബൂജ: ഏതാനും ചില ഇസ്ലാമിക നേതാക്കൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, അതിൽ നിന്ന് പിന്മാറാൻ അവർ തയ്യാറാകണമെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ. മതപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ നിന്ന് മുസ്ലിം വിശ്വാസികൾ പിൻമാറണമെന്ന പേരിൽ ചൊവ്വാഴ്ച സംഘടനയുടെ ജനറൽ സെക്രട്ടറി ജോസഫ് ഡരമോള ഇറക്കിയ പത്രക്കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാജ്യത്തെ സുരക്ഷാ ഏജൻസികൾ മുൻകരുതൽ എടുക്കണമെന്നും ക്രൈസ്തവരെ പ്രകോപിപ്പിക്കാനായി ഇസ്ലാമിക നേതാക്കളുടെ ഭാഗത്തു നിന്ന് ചില അതിക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

ഇപ്പോൾ തന്നെ പ്രതിസന്ധിയിലൂടെ പോകുന്ന രാജ്യത്ത് എങ്ങനെ മതപരമായ പ്രതിസന്ധിയും അക്രമസംഭവങ്ങളും ഉണ്ടാക്കാൻ സാധിക്കുമെന്ന ചിന്തയിലാണ് തീവ്ര ഇസ്ലാമികവാദികളെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ഭയപ്പാടും, നിരാശയും ഉണ്ടെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ പറഞ്ഞു. ഇസ്ലാമിക നേതാക്കൾ പ്രകോപനം സൃഷ്ടിക്കുമ്പോൾ അതിനെ മുളയിലെ നുള്ളി പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനുള്ള ശ്രമം ദീർഘനാളായി തങ്ങൾ നടത്തിവരികയാണ്. മിഷ്ണറി സ്കൂളുകളിലെ പെൺകുട്ടികൾ എല്ലാവരും ഹിജാബ് ധരിക്കണമെന്ന് ക്വാരാ സംസ്ഥാനത്തെ ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത് വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നുവെന്നും, അത് ലഘൂകരിക്കാനുള്ള ശ്രമമാണ് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ ഇപ്പോൾ നടത്തുന്നതെന്നും സംഘടന വ്യക്തമാക്കി.

ഇസ്ലാമിക വിദ്യാലയങ്ങൾ ക്രൈസ്തവ പെൺകുട്ടികൾക്ക് അവരുടെ വിശ്വാസത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകുമോ എന്നു ജോസഫ് ഡ്രമോള ചോദ്യമുയര്‍ത്തി. ഒരു മോസ്ക്കും, ഇസ്ലാമിക കേന്ദ്രവും മെത്രാസന മന്ദിരത്തിനു സമീപം സ്ഥാപിച്ച് ക്രൈസ്തവരെ പ്രകോപിപ്പിക്കാനുള്ള ശ്രമം ഇതിനിടയിൽ നടന്നുവെന്നും ഡ്രമോള പ്രസ്താവനയില്‍ ആരോപിച്ചു. ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്സ് സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ.

You might also like