ബഹിരാകാശ നിലയത്തില്‍ ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി സുനിത വില്യംസും സഹപ്രവര്‍ത്തകരും; ചിത്രങ്ങള്‍ പങ്കുവച്ച് നാസ
വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി സുനിത വില്യംസും സഹപ്രവര്‍ത്തകരും. സാന്താ തൊപ്പി ധരിച്ച സുനിതയുടെയും മറ്റൊരു ബഹിരാകാശ യാത്രികനായ ഡോണ്‍ പെറ്റിന്റെയും ചിത്രം നാസ പുറത്ത് വിട്ടു. ബഹിരാകാശ നിലയത്തില്‍ നിന്ന് ഹാം റേഡിയോയിലൂടെ സംസാരിക്കുന്നതിനിടെ പോസ് ചെയ്ത ചിത്രങ്ങളാണ് നാസ എക്‌സ് പോസ്റ്റിലൂടെ പങ്കു വെച്ചിട്ടുള്ളത്. ബഹിരാകാശ നിലയത്തിലുള്ള യാത്രികര്‍ക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ സാധനങ്ങളും നാസയുടെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കാപ്‌സ്യൂള്‍ നേരത്തെ എത്തിച്ചിരുന്നു.
ഭൂമിയില്‍ നിന്നും അയച്ച സാധനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണമടക്കമുണ്ടാക്കി ക്രിസ്മസ് ആഘോഷത്തിന്റെ മാറ്റ് കൂട്ടാനുള്ള ഒരുക്കത്തിലാണ് ബഹിരാകാശ സംഘം. ക്രിസ്മസിന് മുന്‍പ് തന്നെ തങ്ങളുടെ കുടുംബവുമായി സംസാരിക്കാനും ക്രസ്മസ്, ന്യൂ ഇയര്‍ ആശംസകള്‍ അറിയിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് യാത്രികര്‍. ഇപ്പോള്‍ ബഹിരാകാശ നിലയത്തിലുള്ളവരില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും അടക്കം ചിലരെ ഫെബ്രുവരി മാസത്തോടെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതികളും നാസ ഒരുക്കുന്നുണ്ട്.
ബഹിരാകാശ നിലയത്തില്‍ സുനിത ലെറ്റിയൂസ് ചെടി വളര്‍ത്തുന്നുവെന്ന വാര്‍ത്തയും നേരത്തെ പുറത്തു വന്നിരുന്നു. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചെടി വളര്‍ത്തല്‍.
ബോയിങ് സ്റ്റാര്‍ലൈനറിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായി ബഹിരാകാശ നിലയത്തില്‍ എത്തിയതാണ് സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വില്‍മോറും. പേടകത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇരുവര്‍ക്കും അതേ പേടകത്തില്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങാനായില്ല. 2024 ജൂണ്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ തുടരുകയാണ് ഇരുവരും. ജൂണ്‍ ഏഴിന് എത്തി 13 ന് മടങ്ങാനായിരുന്നു പദ്ധതി. ഇനി 2025 ഫെബ്രുവരിയില്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിക്കുന്ന സ്പേസ് എക്സിന്റെ ക്രൂ 9 പേടകത്തില്‍ യാത്രികരെ തിരികെ എത്തിക്കാനാണ് നാസയുടെ പദ്ധതി.