ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ വിശ്വാസികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങളിലുമുള്ള വിശ്വാസികളുടെ എണ്ണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. കേരളത്തില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കണം.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉള്ള കണക്കാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറേണ്ടത്. മലങ്കര സഭയ്ക്ക് എത്ര പള്ളികള്‍ ഉണ്ടെന്നും, ഓരോ വിഭാഗത്തിനും എത്ര പള്ളികള്‍ ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം.
തര്‍ക്കങ്ങള്‍ ഉള്ള പള്ളികളില്‍ എത്ര വിശ്വാസികള്‍ ഇരു വിഭാഗത്തിനും ഉണ്ടെന്ന കണക്കും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറണം. കേസില്‍ ജനുവരി 29, 30 തിയതികളില്‍ വിശദമായ വാദം കേള്‍ക്കും. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ കൈമാറ്റത്തില്‍ അതുവരെ തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചു. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ഡിസംബര്‍ മൂന്നിന് പുറപ്പടുവിച്ച ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ഈ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മലങ്കര സഭയിലെ പള്ളികളിലെ സെമിത്തേരി തര്‍ക്കം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിശദമായി വാദം കേള്‍ക്കുന്നതിനാല്‍ അത്തരം ഒരുത്തരവ് ഈ ഘട്ടത്തില്‍ പുറപ്പെടുവിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി