ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു: 10 മരണം
റിയോ ഡി ഷാനെയ്റോ: ബ്രസീലിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പത്ത് പേർ മരിച്ചു. ലൂയിസ് ക്ലൗഡിയോ എന്ന ബിസിനസുകാരനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. തെക്കൻ ബ്രസീലിലെ ഗ്രമാഡോ നഗരത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. സമീപ പട്ടണമായ കനേലയിൽ നിന്ന് യാത്ര തിരിച്ച വിമാനമാണ് നിമിഷങ്ങൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. ഗ്രമാഡോയിലെ ഒരു കെട്ടിടത്തിലെ ചിമ്മിനിയിൽ ഇടിച്ചതിന് ശേഷം വിമാനം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്.