ആർ.ടി.ഇ നിയമത്തിൽ ഭേദഗതി വരും, പഠിക്കാത്തവരെ തോൽപ്പിക്കണം
ന്യൂഡൽഹി: അഞ്ച്, എട്ട് ക്ളാസുകളിൽ തീരെ നിലവാരമില്ലാത്ത കുട്ടികളെ തോൽപ്പിച്ച് അതേ ക്ളാസിൽ നിലനിറുത്തണമെന്ന് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. ഓൾ പാസ് നൽകുന്നത്, പഠനത്തിൽ പിന്നാക്കമായ കുട്ടികളുടെ നിലവാരം ഉയർത്തുന്നില്ലെന്ന് വിലയിരുത്തിയാണിത്.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതും ഡൽഹി, പുതുച്ചേരി ഒഴികെ കേന്ദ്രഭരണ പ്രദേശങ്ങളിലെയും കേന്ദ്രീയ വിദ്യാലയം, നവോദയ സ്കൂൾ, സൈനിക സ്കൂൾ അടക്കം 3000 സ്കൂളുകൾക്കാണ് തീരുമാനം ബാധകം.
2019ൽ പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ ദേദഗതി നിയമത്തിൽ (ആർ.ടി.ഇ) ഓൾ പാസ് പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, സംസ്ഥാനങ്ങൾക്ക് സ്വന്തമായി തീരുമാനിക്കാൻ അധികാരമുണ്ട്. അതുപ്രകാരം
കേരളം, ഹരിയാന, പുതുച്ചേരി അടക്കം സംസ്ഥാനങ്ങൾ ഓൾ പാസ് തുടരുന്നു. വിദ്യാർത്ഥികൾക്കുമേൽ അനാവശ്യ സമ്മർദ്ദമുണ്ടാക്കുമെന്നും കൊഴിഞ്ഞു പോക്ക് കൂടുമെന്നുമാണ് കേരളത്തിന്റെ നിലപാട്. അതേസമയം, ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, കർണാടക, ഡൽഹി അടക്കം16 സംസ്ഥാനങ്ങൾ 2019 മുതൽ നിയമം നടപ്പാക്കുന്നുണ്ട്.