സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്
തിരുവനന്തപുരം: സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വിഭവസമൃദ്ധമായ വിരുന്നൊരുക്കിയും നാടാകെ ക്രിസ്‌മസിനെ വരവേറ്റു. വിവിധതരം നക്ഷത്രങ്ങൾ, ക്രിസ്‌മസ് ട്രീകൾ, പുൽക്കൂടുകൾ, അലങ്കാര വസ്‌തുകൾ തുടങ്ങിയവ വിപണി കീഴടക്കി. വിവിധ രുചിവർണങ്ങളിൽ ഒരുക്കിയ കേക്കുകൾക്കും പതിവ് പോലെ ആവശ്യക്കാർ ഏറെയായിരുന്നു. ക്രിസ്‌മസ് വിരുന്നൊരുക്കാൻ മീൻ മാംസ മാർക്കറ്റിലും വലിയ തിരക്കുണ്ടായിരുന്നു. കൺസ്യൂമർഫെഡ്, സപ്ലൈകോ വഴി വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ ചന്തകൾ തുറന്നും സാമൂഹ്യസുരക്ഷ പെൻഷൻ ജനങ്ങൾക്ക് നൽകിയും സംസ്ഥാന സർക്കാരും ക്രിസ്‌മസ് സന്തോഷം ജനങ്ങളിലെത്തിച്ചു. തൃശൂർ പൗരാവലിയും അതിരൂപതയും സംയുക്തമായി നടത്തുന്ന ബോൺ നതാലെ വെള്ളിയാഴ്‌ച നടക്കും. ശക്തൻ ഗ്രൗണ്ടിൽ വ്യാഴം മുതൽ പുതുവത്സര രാവ് വരെ നീണ്ട് നിൽക്കുന്ന ഹാർഫെസ്റ്റും അരങ്ങേറും. സ്റ്റാളുകൾ, വിനോദ പരിപാടികൾ, തെരുവ് ജാലവിദ്യ എന്നിവയെല്ലാം ഇവിടെ ആസ്വദിക്കാം. പള്ളിത്താമം ഗ്രൗണ്ടിൽ മറൈൻ എക്സ്പോയും നടക്കുന്നുണ്ട്. അന്റാർട്ടിക്കയിലെ കാഴ്ചകൾ ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. മുസിരിസ് ബീച്ചുൾപ്പടെ ബീച്ചുത്സവങ്ങളും ക്രിസ്‌മസിന് മാറ്റേകും