യുദ്ധക്കെടുതിയിലും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ബെത്‌ലഹേം
ഗാസ സിറ്റി: ബെത്ഹലഹേമില്‍ എത്തിയ മേരിയും ജോസഫും തങ്ങള്‍ക്ക് തങ്ങുവാന്‍ സ്ഥലം ലഭിക്കാതെയാണ് കാലിതൊഴുത്തില്‍ യേശുവിന് ജന്മം നല്‍കിയത്. അന്ന് എല്ലാ സത്രങ്ങളും നിറഞ്ഞു കവിഞ്ഞിരുന്നു. എന്നാല്‍ ഈ ക്രിസ്തുമസിന് ബെത്‌ലഹേമിലെ ഭൂരിപക്ഷം ഹോട്ടലുകളും ശൂന്യമാണ്.
യുദ്ധവും പലായനവും മൂലം കടുത്ത ദുരിതമനുഭവിക്കുന്ന വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേം വീണ്ടും ക്രിസ്തുമസിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറിയും ആഘോഷങ്ങളില്ലാതെയാണ് ബെത്‌ലഹേമില്‍ ക്രിസ്മസിനെ സ്വീകരിക്കുന്നത്.
യുദ്ധത്തിന്റെ കെടുതിയില്‍ ബെത്‌ലഹേമില്‍ ഇത് രണ്ടാമത്തെ ക്രിസ്തുമസാണ്. പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ 70 ശതമാനവും ടൂറിസത്തില്‍ അധിഷ്ഠിതമായ ബെത്‌ലഹേമില്‍ യുദ്ധം ആരംഭിച്ചതിനുശേഷം തെരുവുകളും ചന്തകളും വിജനമാണ്. ലോകമെമ്പാടുമുള്ള ഓര്‍ത്തഡോക്‌സ്, കത്തോലിക്ക വിശ്വാസികളെ പ്രതീക്ഷിക്കുന്ന ബെത്‌ലഹേമിലെ കരകൗശല വിപണിയും തൊഴിലാളികളും കോവിഡ് കാലത്തെ ക്ഷീണത്തില്‍നിന്ന് മുക്തരായി വരുമ്പോഴായിരുന്നു യുദ്ധപ്രഖ്യാപനം.
യുദ്ധം ആരംഭിച്ച ശേഷം തൊഴിലില്ലായ്മ 50 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 5000 കുടുംബങ്ങളാണ് ബെത്‌ലഹേം ഒഴിഞ്ഞത്. ബെത്‌ലഹേമിന്റെ വരുമാനത്തിന്റെ 70% വിനോദസഞ്ചാരത്തില്‍ നിന്നാണ്. ഇതില്‍ മിക്കവാറും വരുന്നത് ക്രിസ്മസ് സീസണിലായിരിക്കും. യുദ്ധത്തിന്റെ ദുരതത്തിനിടയില്‍ ഈ ചെറുകിട കച്ചവടക്കാര്‍ക്ക് എത്രകാലം പിടിച്ചുനില്‍ക്കാനാകുമെന്ന് യാതൊരു ഉറപ്പില്ല.
തകര്‍ന്ന ലബനന്‍ പള്ളിയിലും ക്രിസ്തുമസ് കുര്‍ബാന
ലബനനില്‍ ഇസ്രയേലിന്റെ മിസൈലാക്രമണത്തില്‍ തകര്‍ന്ന സെന്റ് ജോര്‍ജ് മെല്‍കൈറ്റ് കത്തോലിക്ക പള്ളിയില്‍ ആരവങ്ങളില്ലാതെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിച്ച പള്ളി കിഴക്കന്‍ ലബനനിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു.
പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ക്രിസ്തുമസ് ദിനത്തിലെ ഒത്തുചേരലിനൊരുങ്ങുകയാണ് പ്രദേശത്തെ വിശ്വാസികള്‍. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ആക്രമണവും പ്രതീക്ഷിച്ചാണ് ക്രിസ്തുമസ് ആഘോഷം. പള്ളിയില്‍ അവശേഷിക്കുന്ന ഒറ്റ മുറിയില്‍ മൊബൈല്‍ഫോണ്‍ വെളിച്ചത്തിലാണ് പ്രധാന വികാരി ഞായറാഴ്ച കുര്‍ബാന നടത്തുന്നത്.