അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ സംസ്‌കാരം ഇന്ന്

0

കോഴിക്കോട്: അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ പൊതു ശ്മശാനത്തിലാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം നാല് മണി വരെ സ്വന്തം വസതിയില്‍ എംടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് വിടപറഞ്ഞത്.

എം ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. മന്ത്രിസഭാ യോഗം ഉള്‍പ്പെടെ ഒഴിവാക്കിയാണ് ദുഃഖാചരണം. രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പ്രിയപ്പെട്ട എംടിക്ക് അനുശോചനമറിയിച്ചത്. വിടപറഞ്ഞത് മലയാള സാഹിത്യത്തെ ലോക സാഹിത്യത്തില്‍ എത്തിച്ച പ്രതിഭയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചത്.

എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മഹാനായ എഴുത്തുകാരനെയാണ് നഷ്ടപ്പെട്ടതെന്ന് നടന്‍ കമല്‍ഹാസന്‍ അനുശോചിച്ചു. മന്ത്രി എംബി രാജേഷ്, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

You might also like