64 രാജ്യങ്ങളിലെ സന്നദ്ധ പദ്ധതികൾക്കുവേണ്ടി പേപ്പൽ ഫൗണ്ടേഷൻ 90 ലക്ഷം ഡോളർ പ്രഖ്യാപിച്ചു

0

ഫിലാഡെല്‍ഫിയ: അറുപത്തിനാലു രാജ്യങ്ങളിലെ സന്നദ്ധ പദ്ധതികൾക്കു വേണ്ടി പേപ്പൽ ഫൗണ്ടേഷൻ 9.2 മില്യൺ ഡോളർ ഗ്രാന്റ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ ദേവാലയങ്ങൾ പുനർനിർമ്മിക്കുന്നതിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ ഈ വർഷം ആദ്യം നടത്തിയ ആഹ്വാനമാണ് ഗ്രാന്റ് പ്രഖ്യാപിച്ചുതിനു പിന്നിലെ കാരണമായി ഫൗണ്ടേഷൻ ചൂണ്ടിക്കാണിക്കുന്നത്. തുക ദേവാലയങ്ങളുടെയും, സ്കൂൾ കെട്ടിടങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും, ഇതര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നൽകും. പ്രധാനപ്പെട്ട വിഷയങ്ങൾ എന്താണെന്ന് മാർപാപ്പ പറഞ്ഞിട്ടുണ്ടെന്നും അതനുസരിച്ച് ഭവനനിർമ്മാണത്തിനും, വിദ്യാഭ്യാസത്തിനും, ഭക്ഷ്യസുരക്ഷയ്ക്കും മുൻഗണനാക്രമം നിശ്ചയിക്കുമെന്നും ഫിലാഡെല്‍ഫിയ ആസ്ഥാനമായുള്ള പേപ്പൽ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനായ കര്‍ദ്ദിനാള്‍ ഷോൺ ഒമാലി കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

ദേവാലയങ്ങൾ, ചാപ്പലുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ തുടങ്ങിയവയുടെ പുനർനിർമാണം, കത്തോലിക്ക ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ നിർമ്മാണം, അനാഥരും വൈകല്യമുള്ളവരുമായ കുട്ടികളുടെ വിദ്യാഭ്യാസം, വിരമിച്ച സന്യസ്തരുടെ താമസം, മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയവയാണ് ഫൗണ്ടേഷൻ ലക്ഷ്യം വച്ചിരിക്കുന്ന പദ്ധതികൾ. ക്രൈസ്തവ സമൂഹങ്ങൾ ഒന്നിച്ചു വരിക എന്നുള്ളതും, ഫ്രാൻസിസ് മാർപാപ്പയുടെ പശ്ചിമേഷ്യയിലേയ്ക്കുളള സന്ദർശനവും, ദേവാലയങ്ങൾ പുനർ നിർമിക്കാനുള്ള ആഹ്വാനവും പ്രചോദനമായെന്ന് പേപ്പൽ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റായ യൂസ്റ്റേഴ്സ് മിത്ത പറഞ്ഞു. യേശുക്രിസ്തുവിന്റെ ഹൃദയവും, വിശ്വാസികളുടെ ഹൃദയവും തമ്മിൽ ബന്ധം വളർത്തിയെടുക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

You might also like