ന്യൂനപക്ഷ വകുപ്പ് ഒന്നെങ്കില്‍ മുഖ്യമന്ത്രി ഏറ്റെടുക്കണം, അല്ലെങ്കില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള മന്ത്രിക്ക്: ആവശ്യം ശക്തമാകുന്നു

0

കോഴിക്കോട്: ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന കടുത്ത വിവേചനങ്ങള്‍ അവസാനിപ്പിക്കുവാന്‍ ന്യൂനപക്ഷ വകുപ്പ് ഒന്നെങ്കില്‍ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അല്ലെങ്കില്‍ വകുപ്പിലേക്ക് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയെ നിയമിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ചു സമ്മര്‍ദ്ധം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത കെ‌സി‌വൈ‌എം, സംസ്ഥാന സമിതിക്ക് കത്ത് കൈമാറിയിട്ടുണ്ട്. 2008-ല്‍ ന്യൂനപക്ഷ വകുപ്പ് നിലവില്‍ വന്നത് മുതല്‍ വകുപ്പ് മുസ്ലിം വിഭാഗത്തിന്റെ കുത്തകയായി മാറിയിരിക്കുകയാണ്. ഇതിന്റെ പരിണിതഫലം എന്ന നിലയില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ സിംഹഭാഗവും മുസ്ലിം വിഭാഗത്തിലേക്ക് ഒതുങ്ങികൂടിയത് എല്ലാവര്‍ക്കും അറിവുള്ളതാണെന്നു കത്തില്‍ പരാമര്‍ശമുണ്ട്.

80:20 എന്ന നിലയില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ പാര്‍ശ്വവത്ക്കരിച്ചതും ഇ‌ഡബ്ല്യു‌എസ് സാമ്പത്തിക സംവരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതും മുസ്ലിം വിഭാഗത്തിലെ വിധവകള്‍, മതാധ്യാപകര്‍, പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ക്ക് മാത്രം നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് തീറെഴുതി കൊടുത്തതിന്റെ ഫലമാണെന്നും രൂപത കെ‌സി‌വൈ‌എം ജനറല്‍ സെക്രട്ടറി അഭിലാഷ് കുടിപ്പാറ കത്തില്‍ കുറിച്ചിട്ടുണ്ട്. സമാനമായ ആവശ്യവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി രംഗത്തു വരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

You might also like