സമുദ്രനിരപ്പില്‍നിന്ന് 8650 അടി ഉയരത്തിൽ തുരങ്കപാത; കശ്മീരിലെ സോനമാര്‍ഗ്- ഗഗന്‍ഗിർ യാത്ര ഇനി സുഗമം

0

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ സോനമാര്‍ഗ് നഗരത്തിലേക്ക് വര്‍ഷംമുഴുവന്‍ യാത്ര സാധ്യമാക്കുന്ന തുരങ്കപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. 2700 കോടി രൂപ ചെലവില്‍ സോനമാര്‍ഗിനെയും ഗഗന്‍ഗിറിനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിന് 6.5 കിലോമീറ്റര്‍ ദൂരമുണ്ട്. ഏതുകാലാവസ്ഥയിലും രണ്ടുവരി തുരങ്കപാത ഗതാഗതത്തിനായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഇരട്ടവരിയാണ്.

സമുദ്രനിരപ്പില്‍നിന്ന് 8650 അടി ഉയരത്തിലാണിത്. ലേയിലേക്കുള്ള യാത്ര സുഗമമാക്കുന്ന പാത സാമ്പത്തികവികസനത്തിനും വിനോദസഞ്ചാരത്തിനും മുതല്‍ക്കൂട്ടാകും. തുരങ്കത്തിനുള്ളില്‍ വാഹനത്തില്‍ യാത്രചെയ്ത പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായും നിര്‍മാണത്തൊഴിലാളികളുമായും സംസാരിച്ചു.

ജമ്മു-കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അടിയന്തരഘട്ടത്തില്‍ രക്ഷപ്പെടാനുള്ള 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇതിന്റെ ഭാഗമാണ്. മണ്ണിടിച്ചിലും ഹിമപാതവും ഒഴിവാക്കാമെന്നതാണ് പ്രത്യേകത. 2012-ല്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് പദ്ധതി തയ്യാറാക്കിയത്. 2015-ല്‍ നിര്‍മാണം തുടങ്ങി.

ഏറെ നിര്‍ണായകമായ സോജില തുരങ്കപദ്ധതിയുടെ ഭാഗമാണ് സോനമാര്‍ഗ് പാതയും. 13.2 കിലോമീറ്റര്‍ സോജില പാതയുടെ നിര്‍മാണം 2028-ല്‍ പൂര്‍ത്തിയാകും. ഇതോടെ ശ്രീനഗറില്‍ നിന്നും ദ്രാസിലേക്കുളള 49 കിലോമീറ്റര്‍ ദൂരം 43 കിലോമീറ്ററായി കുറയും. വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 30 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററായി കൂടും.

You might also like